ആഭ്യന്തരം ഇല്ലെങ്കിൽ ധനവകുപ്പ്: പുതിയ ഫോർമുല മുന്നോട്ടുവെച്ച് വിഡി സതീശൻ
തിരുവനന്തപുരം: മന്ത്രിസഭാ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പുതിയ ഫോർമുല മുന്നോട്ടുവെച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകുകയാണെങ്കിൽ ധനവകുപ്പ് വേണമെന്ന നിലപാടിലാണ് സതീശൻ.
അതൃപ്തിയിലാണെങ്കിലും ആഭ്യന്തര വകുപ്പാണെങ്കിൽ മന്ത്രിസഭയിൽ ചേരാൻ സന്നദ്ധമാണെന്നാണ് ചെന്നിത്തലയുടെ പക്ഷം. ആഭ്യന്തരവകുപ്പിൽ രമേശ് ചെന്നിത്തല കടുംപിടിത്തം തുടരുന്നതോടെയാണ് സതീശൻ പുതിയ ഫോർമുല മുന്നോട്ടുവെച്ചത്. ആഭ്യന്തരമില്ലെങ്കിൽ ധനകാര്യം വേണമെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും സതീശൻ നിലപാടെടുത്തതായാണ് വിവരം.
ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കുന്നതിൽ സതീശന് പൂർണ തൃപ്തിയില്ല. എന്നാൽ മുഖ്യമന്ത്രിപദം ലഭിക്കാത്തതിനെ തുടർന്ന് ചെന്നിത്തല പരിഭവം തുടരുന്ന സാഹചര്യത്തിൽ സതീശന് വിട്ടുകൊടുക്കേണ്ടിവരുന്ന സ്ഥിതിയാണ്. ഈ ഘട്ടത്തിലാണ് ധനകാര്യവകുപ്പ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുവിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയ്ക്കായിരിക്കും. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരം നൽകിയതാണ് വ്യത്യസ്തമായ ഒരു ഉദാഹരണം.ശേഷം ഉമ്മൻചാണ്ടി തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നപ്പോഴാണ് ആഭ്യന്തര വകുപ്പ് ഉപേക്ഷിച്ചത്. ആദ്യമത് തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്നീട് രമേശ് ചെന്നിത്തലയ്ക്കും നൽകുകയായിരുന്നു.