എസ്.സി,എസ്.ടി ഭവന പദ്ധതികൾ വകുപ്പുകൾക്ക് കൈമാറണം
തിരുവനന്തപുരം:എസ്.സി, എസ്.ടി ഭവന പദ്ധതികൾ ലൈഫ്മിഷനിൽ നിന്നും മാറ്റി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറണമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഒരു ഭവന യൂണിറ്റിന് 15ലക്ഷം രൂപായി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എസ്.സി/എസ്.ടി വകുപ്പുകളിലൂടെ നടപ്പാക്കികൊണ്ടിരുന്ന ഭവന പദ്ധതികൾ, എൽ.ഡി.എഫ് സർക്കാർ ലൈഫ് മിഷനുകളിലേക്ക് കൈമാറിയത് വൻ പരാജയമായി. പദ്ധതികൾ ലൈഫ്മിഷനിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ചെങ്കിലും സർക്കാർ ഫണ്ട് കൊടുക്കാഞ്ഞതിനാൽ ഭവനരഹിതർക്ക് പുതിയത് കിട്ടാതായി. വീട് ലഭിച്ചവർക്ക് പൂർത്തീകരിക്കാനാകാത്ത സാഹചര്യമാണ് ഇപ്പോൾ. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നാലുലക്ഷം രൂപയാണ് ഒരു ഭവനത്തിന് നൽകിയിരുന്നത്. എൽ.ഡി.എഫ് 10വർഷക്കാലത്ത് ഒരു പൈസ പോലും വർദ്ധിപ്പിച്ചില്ലെന്നും യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അദ്ധ്യക്ഷനായി.അജിത് മാട്ടൂൽ, കെ.ബി.ബാബുരാജ്, പ്രേം നവാസ് എന്നിവർ സംസാരിച്ചു.