നേതൃത്വം അമ്പരന്നു; പിന്നാലെ പ്രതിരോധം
തിരുവനന്തപുരം:സി.പി.എമ്മിന്റെ ക്യാപ്റ്റനായി അണികൾ വാഴ്ത്തുന്ന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായിവിജയന്റെ വാടക വീട്ടിലുൾപ്പെടെ ഇ.ഡി നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ അമ്പരന്ന് സി.പി.എം. എക്സാലോജിക് -സി.എം.ആർ.എൽ ഇടപാടിൽ ഇ.ഡി അന്വേഷണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ, അവധി ദിവസം പ്രയോജനപ്പെടുത്തിയായിരുന്നു ഇ.ഡിയുടെ നീക്കം.
പൊലീസിനെപോലും അറിയിക്കാതെ നടത്തിയ റെയ്ഡിനെക്കുറിച്ച് കുറിച്ച് യാതൊരു സൂചനയും കിട്ടാത്തതിനാൽ പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. ഒരേസമയം പിണറായിയുടെ വീട്ടിലും മകളുടെ ഓഫീസിലും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് എട്ടു മണിക്കൂറോളം പരിശോധന നടന്നത്. നേരത്തെ ഇ.ഡി നൽകിയ നോട്ടീസിന് നിയമപരമായി തടയിടുകയും ആരോപണത്തിൽ കഴമ്പില്ലെന്ന് പാർട്ടി നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇ.ഡി അന്വേഷണത്തിനെതിരായ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി 24 മണിക്കൂറിനുള്ളിൽ ഇങ്ങനെയൊരു നീക്കം പാർട്ടിയോ പിണറായിയോ പ്രതീക്ഷിച്ചില്ല.
തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ഉന്നത നേതാവിന്റെ വീട്ടിലെ റെയ്ഡിൽ പകച്ചുപോയെങ്കിലും നൊടിയിടയ്ക്കുള്ളിൽ പ്രതിഷേധം തീർക്കാൻ പാർട്ടിക്ക് സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിയിൽ തളർന്നുപോയ സി.പി.എമ്മിന് ഒരർത്ഥത്തിൽ വലിയ ഉയിർത്തെഴുന്നേൽപ്പായി. തോൽവിയുടെ പേരിൽ പാർട്ടി യോഗങ്ങളിൽ തലങ്ങും വിലങ്ങും പിണറായിയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമുൾപ്പെടെയുള്ളവർ നേരിട്ടുകൊണ്ടിരുന്ന നിർദ്ദയ വിമർശനത്തിന്റെ ദിശമാറി . അണികൾ പിണറായിക്ക് പിന്തുണയുമായി തെരുവിലിറങ്ങി.അതേസമയം ബിനീഷ് കോടിയേരിയുടെ വസതിയിൽ ഇ.ഡി റെയ്ഡ് നടന്നപ്പോൾ പിണറായി നടത്തിയ പരാമർശം ചർച്ചയാവുകയും ചെയ്തു.അന്ന് ബിനീഷിനെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത പിണറായി, ഇന്നലെ മകളുടെ വിഷയം വന്നപ്പോൾ പാർട്ടിയെ അണിനിരത്തിയെന്ന വിമർശനം ഉയർന്നു.
സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പ്രതിഷേധം ഉയർന്നെങ്കിലും തലസ്ഥാന നഗരിയിൽ കാര്യങ്ങൾ കൈവിട്ടുപോയി. കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയാടലാണ് റെയ്ഡ് എന്ന വികാരം അണികളിൽ സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ , ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർക്കുന്നതിലേക്കും കൈയ്യേറ്റത്തിലേക്കുമാണ് കാര്യങ്ങൾ ചെന്നെത്തിയത്. സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടറിമാരുമുൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അതിക്രമം. ഒടുവിൽ അക്രമികളെ പൊലീസിനു കൈമാറേണ്ട ഗതികേടിലായി പാർട്ടി.റെയ്ഡിൽ കാര്യമായി ഒന്നും ഇ.ഡിക്കു കണ്ടെത്താനായില്ലെന്നാണ് പാർട്ടി കരുതുന്നത്.
മറ്റുള്ളവർക്കും മുന്നറിയിപ്പ്
ഇന്നലത്തെ നടപടിയിലൂടെ കൃത്യമായ മുന്നറിയിപ്പാണ് ഇ.ഡി നൽകുന്നത്. സംസ്ഥാനത്തെ ഏറ്റവും ശക്തമായ പാർട്ടിയുടെ ഏറ്റവും കരുത്തനായ നേതാവിന്റെയും കുടുംബത്തിന്റെയും വീടുകളിലേക്കാണ് പരിശോധന എത്തിയത്. നേതാക്കളുടെ സ്വാധീനം നോക്കാതെ നടപടിയെടുക്കുമെന്ന സൂചനയാണ് ഇ.ഡി നൽകിയത്.
തളർത്തിക്കളയാമെന്നത് വ്യാമോഹം: പിണറായി
തിരുവനന്തപുരം: ഇ.ഡി റെയ്ഡ് കൊണ്ട് തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. തുടക്കം മാത്രമയിട്ടേ കാണുന്നുള്ളൂവെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകളോളം അവർ വീടിനകത്ത് ഉണ്ടായിരുന്നു. എന്ത് കിട്ടി, കിട്ടിയില്ല എന്നൊക്കെ അവരാണ് വ്യക്തമാക്കേണ്ടത്. ഇതൊന്നും പെട്ടെന്നുണ്ടായ കാര്യമല്ല. വീട്ടിൽക്കയറിയുള്ള പരിശോധന ഇ.ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി. ഈ പരിശോധന രാഹുൽ ഗാന്ധിയെപ്പോലുള്ളവർക്ക് വലിയ മനസംതൃപ്തി നൽകും. എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു രാഹുലിന്റെ ചോദ്യം. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എല്ലാക്കാലത്തും ബി.ജെ.പി സർക്കാർ തുടർന്നുവരുന്നത്. തങ്ങളുടെ പാർട്ടിക്കാരല്ലാത്തവർക്ക് നേരെ ഇ.ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസിന്. വീടിന് മുന്നിൽ പ്രകടമായത് നാടിന്റെയും പാർട്ടി സഖാക്കളുടെയും വികാരമാണ്. ശത്രുക്കൾ കൊത്തിവലിക്കാനൊരുക്കിയപ്പോഴെല്ലാം പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് കിട്ടിയിട്ടുള്ളത്. എല്ലാവരെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. എതിനെയും നേരിടാൻ ഇതാണ് കരുത്ത്. ഒന്നിച്ച് നമുക്കിറങ്ങാം. പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ പിന്നീടാകാമെന്നും പിണറായി പറഞ്ഞു.