ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ആസൂത്രിതം: മന്ത്രി ചെന്നിത്തല, നിയമവാഴ്ച തകർക്കാൻ ശ്രമം നടക്കുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ര് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തല്ലാതെ മറ്റിടങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. ജനങ്ങളുടെ സ്വൈരജീവിതം അസാദ്ധ്യമാക്കാനുള്ള നീക്കമാണിത്. സമരത്തിനും പ്രതിഷേധത്തിനും പരിധിയുണ്ട്. അതിനെ ശരിയായ നിലയിൽ നേരിടും.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെയെല്ലാം പിടികൂടും. അതിശക്തമായ നിയമനടപടിയുണ്ടാവും. രണ്ടു ദിവസമായി തിരുവനന്തപുരത്ത് നിയമവാഴ്ച തകർക്കാൻ ശ്രമം നടക്കുകയാണ്. പൊലീസിന്റെ കുറ്റം കൊണ്ടല്ലാതെ ഉണ്ടായ സംഭവങ്ങളാണിവ. റെയ്ഡ് കഴിഞ്ഞിട്ടും ഇ.ഡി സുരക്ഷ ആവശ്യപ്പെട്ടില്ല. പൊലീസ് സമയോചിതമായി ഇടപെടുകയായിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. ആളുകൾ കൂടിവരുന്നത് കണ്ടിട്ടാണ് പൊലീസ് സ്ഥലത്തെത്തിയത്. അക്രമികൾ എവിടെപ്പോയി ഒളിച്ചാലും പിടികൂടും. ഏത് നേതാവായാലും കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.