ഉന്നതതലസമിതി നിർദ്ദേശിക്കും കുടിയേറ്റ ഭീഷണിക്ക് ശാശ്വത പരിഹാരം
ന്യൂഡൽഹി: രാജ്യത്തെ അനധികൃത കുടിയേറ്റ ഭീഷണിക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് സുപ്രീംകോടതി റിട്ട. ജഡ്ജി പ്രകാശ് പ്രഭാകർ നവ്ലേക്കർ അദ്ധ്യക്ഷനായ ഉന്നതതല സമിതിയെ കേന്ദ്രം നിയോഗിച്ചത്. ബംഗാളിലെയും അസാമിലെയും തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കുടിയേറ്റ വിഷയത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.
കുടിയേറ്റം, മറ്റ് അസ്വാഭാവിക കാരണങ്ങൾ എന്നിവമൂലമുണ്ടാകുന്ന ജനസംഖ്യാ വ്യതിയാനം സംബന്ധിച്ച് സമിതി വിശദറിപ്പോർട്ട് നൽകും. പരിഹാരനടപടികൾ ശുപാർശ ചെയ്യും. ഒരു വർഷത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
സെൻസസ് കമ്മിഷണർ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ദുർഗ ശങ്കർ മിശ്ര, ബാലാജി ശ്രീവാസ്തവ, ഡോ. ഷാമിക രവി എന്നിവരാണ് സമിതി അംഗങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മെമ്പർ സെക്രട്ടറിയായിരിക്കും.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി “ഹൈ പവേർഡ് ഡെമോഗ്രഫി മിഷൻ” പ്രഖ്യാപിച്ചിരുന്നു. പശ്ചിമബംഗാളിലും അസാമിലും അടക്കം അനധികൃത കുടിയേറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയവുമായിരുന്നു.
ജനസംഖ്യാ വ്യതിയാനമെന്നത് രാജ്യത്തിന്റെ പരമാധികാരവുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. ദേശീയ സുരക്ഷ, ക്രമസമാധാനം, സാമൂഹിക ഘടനാ മാറ്റങ്ങൾ, ഗോത്രവർഗ സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്ന ഗുരുതര പ്രശ്‌നമാണ്.
- അമിത് ഷാ,
കേന്ദ്ര ആഭ്യന്തരമന്ത്രി
സമിതിയുടെ ചുമതലകൾ
1.അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ, സാമൂഹിക- പാരിസ്ഥിതിക ഘടകങ്ങൾ തുടങ്ങിയവ പഠിക്കും
2.അസ്വാഭാവികമായ പാർപ്പിട രീതികൾ, ആസൂത്രിതമായ കുടിയേറ്റം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന ഘടകങ്ങൾ കണ്ടെത്തും
3.ഘടനാപരമായ ജനസംഖ്യാമാറ്റങ്ങൾ വിശകലനം ചെയ്യും
4.കുടിയേറ്റക്കാരെ കണ്ടെത്താനും തടങ്കലിലാക്കാനും നാടുകടത്താനും കാര്യക്ഷമമായ സംവിധാനം ശുപാർശ ചെയ്യും
5.അതിർത്തി പരിപാലനം, ജനസംഖ്യാ സ്ഥിരത, തിരിച്ചറിയൽ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനു സംവിധാനം നിർദ്ദേശിക്കും
6.കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിന് നയരൂപരേഖ നിർദ്ദേശിക്കും