നവീൻ ബാബു കേസ്: തുടരന്വേഷണ റിപ്പോർട്ട് ഈ ആഴ്ച;  പുതിയ അന്വേഷണം കാത്ത് കുടുംബം

Thursday 28 May 2026 12:00 AM IST

കണ്ണൂർ: കണ്ണൂർ എ.ഡി.എം ആയിരുന്ന കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആവശ്യപ്പെട്ട തുടർ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കും.

പ്രതി പി.പി. ദിവ്യ ഔദ്യോഗിക ഫോണിൽ നിന്ന് ജില്ലാ കളക്ടറുമായി നടത്തിയ ആശയവിനിമയം അടക്കം തുടർ അന്വേഷണ പരിധിയിൽ വന്നിട്ടുണ്ട്. ഈ റിപ്പോർട്ടിന്മേലുള്ള കോടതി നിലപാടും അതിനോട് യു.ഡി.എഫ് സർക്കാരിന്റെ സമീപനവും നിർണായകമാണ്. മേയ് 30ന് അകം റിപ്പോർട്ട് നൽകണമെന്നാണ് മാർച്ച് 16ന് തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന നവീൻബാബുവിന്റെ കുടുംബത്തിന്റെ ആക്ഷേപം പരിഗണിച്ചാണ് കോടതി ചില കാര്യങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് തുടർറിപ്പോർട്ട് തേടിയത്.

കണ്ണൂർ റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ നിന്ന് പ്രതികൂല പരാമർശം ഉണ്ടായാൽ ആലപ്പുഴ 'രക്ഷാപ്രവർത്തനം ' കേസിന് സമാനമായി പുതിയ അന്വേഷണ സംഘം രൂപീകരിച്ച് തുടരന്വേഷണത്തിലേക്ക് സർക്കാരിന് കടക്കാൻ കഴിയും.

പുതിയ റിപ്പോർട്ട് ഔദ്യോഗികമായി സ്വീകരിക്കുന്നതോടെ വിചാരണയിലേക്ക് കടക്കുകയാണ് കോടതിയിലെ സാധാരണ നടപടി. ഉത്തരം തേടുന്നത് നാല്

നിർണായക ചോദ്യങ്ങൾ

കുറ്റപത്രത്തിലെ 13 വീഴ്ചകൾ ചൂണ്ടിക്കാട്ടി ഭാര്യ മഞ്ജുഷ നല്‍കിയ ഹർജിയിൽ കോടതി നാലു പ്രധാന കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നിർദേശിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന പ്രതി ദിവ്യയുടെ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തനുമായുള്ള ബിനാമി ബന്ധം അന്വേഷിക്കണമെന്ന പ്രധാന ആവശ്യം കോടതി തള്ളിയിരുന്നു.

1. പൊലീസ് ദിവ്യയുടെ ഭർത്താവിന്റെ പേരിലുള്ള സ്വകാര്യ ഫോൺ മാത്രമാണ് പരിശോധിച്ചത്. ഔദ്യോഗിക നമ്പരിലെ ഡേറ്റ കൂടി ശേഖരിക്കണം.

2. പെട്രോൾ പമ്പ് അപേക്ഷകൻ ടി..വി. പ്രശാന്തന്‍ ഒരു ലക്ഷം രൂപ കൈക്കൂലി നൽകാനായി സ്വർണം പണയം വെച്ചു എന്ന അന്വേഷണ റിപ്പോർട്ടിന്റെ വ്യക്തതയ്ക്കായി പണയ ഇടപാടിന്റെ രേഖകൾ ഹാജരാക്കണം.

3 പ്രശാന്തനും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിക്കുന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ സമ്പൂർണ രൂപത്തിൽ ഹാജരാക്കണം.

4-വിജിലൻസ് ഉദ്യോഗസ്ഥർ കേസിൽ ഇടപെട്ടത് എങ്ങനെയെന്ന് അന്വേഷിക്കുകയും മൊഴി രേഖപ്പെടുത്തുകയും വേണം.

.