നല്ല സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ ഭരണത്തിന്റെ കരുത്ത്: ചെന്നിത്തല

Thursday 28 May 2026 12:00 AM IST

തിരുവനന്തപുരം:സാമൂഹ്യപ്രതിബദ്ധതയുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരാണ് നല്ലഭരണത്തിന്റെ കരുത്തെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

മുൻപൊലീസ് ഡി.ജി.പി ഋഷിരാജ് സിംഗ് രചിച്ച "സിവിൽ സർവ്വീസ് പരീക്ഷ,34 രഹസ്യങ്ങൾ" എന്ന പുസ്തകം പ്രകാശനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണ്. സമർപ്പണബോധമുള്ള ഉദ്യോഗസ്ഥർക്കേ സർക്കാരിന്റെ നല്ല തീരുമാനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ കഴിയുകയുള്ളൂ. അതേസമയം സിവിൽ സർവ്വീസ് പരീക്ഷ പാസാകുന്നത് സുഖമായ കാര്യമല്ലെന്നും മക്കളിലൊരാളെ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറാക്കാനുള്ള പ്രയാസമനുഭവിച്ചപ്പോൾ ഒരുഘട്ടത്തിൽ അത് വേണ്ടെന്ന് വയ്ക്കാൻ പോലും തോന്നിപ്പോയെന്നും മന്ത്രി പറഞ്ഞു.ഡൽഹിയിൽ എം.പി ആയിരുന്ന കാലയളവിൽ മക്കൾക്ക് മികച്ച അടിസ്ഥാനവിദ്യാഭ്യാസം നൽകാനായതാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ അവരെ പ്രാപ്തരാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പുസ്തകം കൈമാറികൊണ്ട് മന്ത്രി പ്രകാശനം നിർവഹിച്ചു.

പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ മുൻ യു.എൻ പ്രതിനിധി ടി.പി. ശ്രീനിവാസൻ അദ്ധ്യക്ഷനായി.പ്രസാധകരായ സൈൻ ബുക്സ് എഡിറ്റർ ബോബി തോമസ് സ്വാഗതവും ഋഷിരാജ്സിംഗ് നന്ദിയും പറഞ്ഞു.