പിണറായിയിലെ വീട്ടിലും റെയ്ഡ്, വൻപ്രതിഷേധം, ഒന്നും കിട്ടിയില്ല

Thursday 28 May 2026 12:49 AM IST

കണ്ണൂർ: പിണറായി വിജയന്റെ പിണറായി പാണ്ഡ്യാലമുക്കിലെ വസതിയായ പ്രവിക്കിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ മിന്നൽ പരിശോധനയിൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ല.

പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് റെയ്ഡ് പൂർത്തിയാക്കിയത്. കള്ളപ്പണ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരമാണ് റെയ്ഡ് നടത്തിയത്. അഞ്ചര മണിക്കൂറോളം നീണ്ട തിരച്ചിലിൽ സംശയാസ്പദമോ കുറ്റകരമോ ആയ ഒരു രേഖയോ ഡിജിറ്റൽ ഉപകരണങ്ങളോ കണ്ടെത്താനായില്ലെന്ന് ഇ.ഡി അറിയിച്ചു.

ഇ.ഡി കൊച്ചി സോണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. സിമി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കോഴിക്കോട് സബ് സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 7.50ന് എത്തി. അസിസ്റ്റന്റ് എൻഫോഴ്സ്‌മെന്റ് ഓഫീസർമാരായ ചിരാഗ് യാദവ്, തരുൺ കുമാർ ബച്ചർ എന്നിവരും ആർ.പി.എഫിലെ നാലു പുരുഷൻമാരും രണ്ടു വനിതകളും അടങ്ങുന്ന സംഘവും ഒപ്പം ഉണ്ടായിരുന്നു. വസതി പൂട്ടിയ നിലയിലായിരുന്നു. സി.പി.എം പിണറായി ലോക്കൽ സെക്രട്ടറി സി. നന്ദനൻ എത്തി കെയർ ടേക്കർ നാണു വഴി വീട് തുറന്നു നൽകി. 8.30ന് തിരച്ചിൽ ആരംഭിച്ചു. രണ്ടു നില കെട്ടിടവും സർവന്റ് ക്വാർട്ടേഴ്സും പരിശോധിച്ചെങ്കിലും കുറ്റകരമായ രേഖയോ ഡിജിറ്റൽ ഉപകരണങ്ങളോ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെന്ന് ഇ.ഡി മഹസർ വ്യക്തമാക്കുന്നു. കെയർ ടേക്കർ നാണുവിന്റെ മൊഴി രേഖപ്പെടുത്തി. തിരച്ചിൽ ഉച്ചയ്ക്ക് 2.50ന് അവസാനിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ശാഖകളിലെ ബ്രാഞ്ച് മാനേജർ സി. ഷീബ, അസിസ്റ്റന്റ് മാനേജർ അഭിഷേക് നിംബാദ്കർ എന്നിവർ ഔദ്യോഗിക സാക്ഷികളായി ഒപ്പിട്ടു.

കൂകിവിളിയും ഉപരോധ

ഭീഷണിയുമായി പ്രവർത്തകർ റെയ്ഡ് നടക്കുന്നതറിഞ്ഞ് നൂറുകണക്കിന് സി.പി.എം പ്രവർത്തകർ തടിച്ചുകൂടി. പി.ജയരാജനും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും അടക്കം എത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് ഉൾപ്പെടെ വൻ പൊലീസ് സംഘം എത്തി. ഒരു ഘട്ടത്തിൽ ഇ.ഡി ഉദ്യോഗസ്ഥർക്ക് പുറത്തുകടക്കാൻ കഴിയാത്ത സ്ഥിതി ഉടലെടുത്തു.

കെ.കെ. രാഗേഷ്, വി. ശിവദാസൻ എം.പി എന്നിവർ ഇടപെട്ട് ഉദ്യോഗസ്ഥർക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കി. ഉദ്യോഗസ്ഥരെ പ്രവർത്തകർ കൂകിവിളിച്ചു. മാലിന്യം പ്ലാസ്റ്റിക് കൂട്ടിൽ കെട്ടി ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. അത് പൊലീസുകാരന്റെ തലയിൽ പതിച്ചു. കെ.കെ. ശൈലജ, പി. ജയരാജൻ, എം.വി. ജയരാജൻ, ഇ.പി. ജയരാജൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.