സി.പി.എമ്മിനെ തകർക്കാനുള്ള നീക്കം: എം.വി. ഗോവിന്ദൻ

Thursday 28 May 2026 1:58 AM IST

തിരുവനന്തപുരം: പിണറായി വിജയനെയും സി.പി.എമ്മിനെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വീണയ്‌ക്കെതിരെ ഉയർന്ന മാസപ്പടി ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്തു തെളിവില്ലെന്നുകണ്ട് തള്ളിയതാണ്. പല കോടതികളും തെളിവില്ലെന്ന് കണ്ടെത്തി. വീണ മകളായിപ്പോയതിന്റെ പേരിൽ അച്ഛനെതിരെ കേസെടുക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. പിണറായിയെ ഭരണഘടനാവിരുദ്ധമായാണ് തടഞ്ഞുവച്ചത്. വീണയുടെ എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് സേവനം നൽകിയതിനു കിട്ടിയതാണ് 1.72 കോടി പ്രതിഫലം. നികുതിയും ഒടുക്കിയിട്ടുണ്ട്. ഇ.ഡി കേസുകളിൽ ഒരു ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് സുപ്രീംകോടതി ഉത്തരവുകൾ സാക്ഷ്യപ്പെടുത്തുന്നു. പിണറായിയെ അറസ്റ്ര് ചെയ്യുമെന്ന ആശങ്കയില്ല. ബി.ജെ.പിയും യു.ഡി.എഫും ചേർന്നുള്ള ഡീലാണ് ഇതിനു പിന്നിൽ. കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കൾക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങളെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം സഹായിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ നടപടികൾ. രാഹുൽ ഗാന്ധി കേരളത്തിൽ വന്നു പ്രസംഗിച്ചത് എന്തുകൊണ്ട് പിണറായിയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ലെന്നാണ്.

പകപോക്കൽ വിലപ്പോവില്ല

പിണറായിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇത്തരം നടപടികളിലൂടെ അദ്ദേഹത്തെ തകർക്കാമെന്ന വ്യാമോഹം ബി.ജെ.പിക്കു വേണ്ട. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട ഏത് കേസും ഏത് രൂപത്തിൽ വേണമെങ്കിലും അന്വേഷിക്കുന്നതിന് ഒരു തടസ്സവുമില്ല. സംസ്ഥാന മന്ത്രിസഭയിൽ അംഗങ്ങളായ രണ്ടുപേർ സി.എം.ആർ.എല്ലിൽ നിന്ന് പണം പറ്റിയെന്ന് ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, അവരും സമ്മതിച്ചിട്ടുണ്ട്. ഒരു നടപടിയും ഇവർക്കെതിരെ സ്വീകരിച്ചിട്ടില്ല. പാർട്ടിക്ക് നേർക്കുള്ള കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണം.