ചാൻസലറുടെ ഉത്തരവ് സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
കൊച്ചി: സർവകലാശാല ചാൻസലർ - സിൻഡിക്കേറ്റ് അധികാര തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവ് സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിൻഡിക്കേറ്റിന്റെ ഇത്തരം നടപടികൾ അധികാര ശ്രേണിക്കും അച്ചടക്കത്തിനും എതിരാണെന്നും കോടതി നിരീക്ഷിച്ചു. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സിൻഡിക്കേറ്റ് പുറത്താക്കിയ ഇൻസ്‌ട്രമെന്റേഷൻ എഞ്ചിനീയറെ തിരിച്ചെടുത്ത ചാൻസലറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. രണ്ട് സിൻഡിക്കേറ്റംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥൻ ക്രമക്കേട് നടത്തിയെന്നാണ് ഇവർ കോടതിയിൽ വാദിച്ചത്.
എന്നാൽ ക്രമക്കേട് നടന്നുവെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതിനാൽ സർക്കാരും സർവകലാശാലയും ക്യത്യമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരികയാണ് വേണ്ടതെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.