അമിത് ഷായെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

Thursday 28 May 2026 12:56 AM IST

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കേന്ദ്ര തുറമുഖ-ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളുമായും കൂടിക്കാഴ്ച നടത്തി. അമിത് ഷായെ അടൽ അക്ഷയ് ഊർജ്ജ ഭവനിലെത്തിയും, സർബാനന്ദ സോനോവാളിനെ ട്രാൻസ്‌പോർട്ട് ഭവനിലെ ഓഫീസിലെത്തിയുമാണ് കണ്ടത്.

സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങൾ അമിത് ഷായുമായി ചർച്ച ചെയ്‌തു. ചില കാര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുടെ മുന്നിലും വച്ചിട്ടുണ്ട്. കേരളത്തെ തുറമുഖ നഗരമാക്കുമെന്നതടക്കം കേന്ദ്ര തുറമുഖ-ജലഗതാഗത വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇ.ഡി റെയ്ഡ്:

പ്രതികരിച്ചില്ല

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം ഇന്നലെ ഇ.ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചില്ല. ഇന്നലെ ഉച്ചയ്‌ക്കു ശേഷമാണ് കേന്ദ്രമന്ത്രിമാരെ കണ്ടത്. രാവിലെ ചില ഓൺലൈൻ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്തു. രാത്രിയോടെ കൊച്ചിയിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നി‌ർമ്മല സീതാരാമൻ എന്നിവരെയും മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.