'എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?' കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

Thursday 21 May 2026 10:05 AM IST

ആലപ്പുഴ: സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന്റെ അവസാന ദിവസവും മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം. നേതൃത്വം പെരുമാറ്റശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ പാർട്ടിക്കു നിലനിൽപ്പുണ്ടാകില്ലെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. സംസ്ഥാന കമ്മിറ്റി ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും ജനകീയ ഇടപെടലുകൾ ദുർബലമായെന്നുമാണ് അംഗങ്ങളുടെ വിലയിരുത്തൽ. പിണറായി വിജയനെതിരെ ശക്തമായ ജനവികാരമുണ്ടെന്ന് തിരിച്ചറിഞ്ഞില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ എല്ലാ കുറ്റവും പിണറായിക്കുമേൽ ചുമത്തേണ്ടെന്ന അഭിപ്രായവുമായി കുറച്ചുപേർ രംഗത്തെത്തി. പാർട്ടിയും മുന്നണിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പിണറായി മാത്രം എങ്ങനെ കുറ്റകാരനാകുമെന്നും പ്രവർത്തകരിൽ ചിലർ ചോദിച്ചു.

ഇതിനിടെ പാർട്ടിവിട്ട മുതിർന്ന നേതാവ് ജി സുധാകരനെ മുൻ എംഎൽഎ യു പ്രതിഭ വിമർശിച്ചു. എവിടെ നിന്നാലും ജയിക്കുമെന്ന് പറയാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ എന്നായിരുന്നു പ്രതിഭ ചോദിച്ചത്. എവിടെ നിന്നാലും താൻ ജയിക്കുമെന്ന സുധാകരന്റെ പരാമർശത്തിനെതിരെയായിരുന്നു പ്രതികരണം. സുധാകരൻ കൂടുതൽ പറയിക്കരുതെന്നും പ്രതിഭ പറഞ്ഞു.‘‘കായംകുളത്ത് സുധാകരൻ എന്നെ തോൽപിക്കാൻ ശ്രമിച്ചു. തോൽപിക്കണമെന്ന് പലരോടും ഫോണിൽ ആവശ്യപ്പെട്ടു. 2021ൽ സ്ഥാനാർത്ഥിയല്ലായിരുന്നിട്ടും സുധാകരൻ പണം പിരിച്ചു. അതിന്റെ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ല. എന്നിട്ടും ഈ വിവരം നേതൃത്വം ജനങ്ങളിൽനിന്നു മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരൻ ഇപ്പോൾ തന്നത്’’- പ്രതിഭ കുറ്റപ്പെടുത്തി.