ആ യുവനേതാവും മറ്റുള്ളവരും ഈ പുസ്തകം വായിക്കണം,​ സത്യപ്രതിജ്ഞാ ചടങ്ങിലെ ജാതിപ്പേര് വിവാദത്തിൽ ശ്രീകുമാരൻ തമ്പി

Wednesday 20 May 2026 8:18 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി.ഡി. സതീശൻ വടശേരി ദാമോദര മേനോൻ സതീശൻ എന്നായിരുന്നു തന്റെ പേര് വായിച്ചത്. അദ്ദേഹത്തിന്റെ മുൻ സത്യപ്രതിജ്ഞകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. ജാതിപ്പേര് ഒഴിവാക്കാമായിരുന്നു എന്ന് ഒരു വിഭാഗം വിമർശിച്ചപ്പോൾ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ ഇനിഷ്യലിലെ അച്ഛന്റെ പേര് പറയുന്നതിൽ എന്താണ് തെറ്റ് എന്നാണ് മറുവിഭാഗത്തിന്റെ വാദം. കോൺഗ്രസിലെ യുവനേതാവ് ജിന്റോ ജോണും ജാതിപ്പേര് ഉപയോഗിച്ചതിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ജിന്റോ ജോണിന്റെ വിമർശനം സൂചിപ്പിച്ച് ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതിൽ ഒരു യുവ നേതാവ് ദു:ഖം രേഖപ്പെടുത്തുന്നതായി കണ്ടു. ഒരു വ്യക്തി തന്റെ നിയമപരമായ ചടങ്ങുകളിലും ഔദ്യോഗിക രേഖകൾ തയാറാക്കുമ്പോഴും ആ വ്യക്തിയുടെ ഇൻഷ്യലിൽ ഉൾപ്പെട്ട പൂർണ്ണമായ പേര് രേഖപ്പെടുത്തുന്നത് സ്വാഭാവികമാണ്. ഇന്നത്തെ പത്രസമ്മേളനത്തിൽ ആ വിഷയത്തെ പറ്റിയുള്ള ചോദ്യത്തിന് വികാരപരമായ മറുപടി മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ നൽകുന്നത് കേൾക്കുകയും ചെയ്തു. ഞാൻ ഉൾപ്പെടെയുള്ളവർ പറയാൻ ആഗ്രഹിച്ച കാര്യമാണ് അദ്ദേഹം ഇന്ന് മറുപടിയായി നൽകിയത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും ശുഭകരവും സ്വപ്നതുല്യവുമായ ഒരു മുഹൂർത്തത്തിൽ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറയുന്നത് ആ വ്യക്തിക്കും അദ്ദേഹത്തിന്റെ പിതാവിനും അഭിമാനകരമാണ്. സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഒരു പുത്രന്റെ കടമയാണ് അതെന്നു ഞാൻ വിശ്വസിക്കുന്നു.

ഞാൻ ഇപ്പോൾ വായിക്കുന്നത് ശ്രീ. വി ഡി സതീശൻ എഴുതിയ "ആദം നീ എവിടെയാകുന്നു?" എന്ന പുസ്തകമാണ്. ക്രിസ്തുവിന്റെ സഹനത്തെയും ത്യാഗത്തെയും ക്ഷമാശീലത്തെയും പ്രകീർത്തിച്ചുകൊണ്ട് വിവിധ ക്രിസ്തുമത സമ്മേളനങ്ങളിൽ ശ്രീ. വി ഡി സതീശൻ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ കൃതി. നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹം ബൈബിൾ വായനയിലൂടെ സായത്തമാക്കിയ യേശുക്രിസ്തുവിന്റെ ദർശനങ്ങൾ , ചിന്തകൾ , ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഒക്കെ തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്നു. ജീവിതത്തിൽ വീഴാതെ , പിന്തിരിഞ്ഞോടാതെ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു തനിക്ക്‌ തന്നിട്ടുള്ളതെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഡി സി ബുക്ക്സ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യപതിപ്പ്‌ ഒരു മാസം കൊണ്ടു വിറ്റഴിഞ്ഞു. രണ്ടാം പതിപ്പാണ് ഞാൻ വായിച്ചു കൊണ്ടിരിക്കുന്നത് .

"സത്യനായകാ മുക്തി ദായകാ

പുല്‍ തൊഴുത്തിന്‍ പുളകമായ

സ്നേഹ ഗായകാ ശ്രീ യേശുനായകാ...

കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ

കാലത്തിന്‍റെ കവിതയായ കനകതാരമേ

നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?

നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ?

അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ

സാഗരത്തിന്‍ തിരയെ വെന്ന കർമ്മകാണ്ഡമേ

നിന്‍ കഥ കേട്ടലിഞ്ഞിടാത്ത മനം മനമാണോ?

നിൻ്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ?"----

എന്നെഴുതിയ എന്നെയും ക്രിസ്തുവിന്റെ ജീവിതവും ദർശനവും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്രീ. വി ഡി സതീശൻ എഴുതിയ "ആദം നീ എവിടെയാകുന്നു?" എന്ന ഈ പുസ്തകവും ഞാൻ ഇഷ്ടപ്പെടുന്നു.ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ ഗുരു യേശുക്രിസ്തു ആണെന്ന് ഞാൻ എന്നും വിശ്വസിക്കുന്നു. എന്റെ പല പ്രഭാഷണങ്ങളിലും അഭിമുഖങ്ങളിലും ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുമുണ്ട്.

പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതിൽ പ്രതിഷേധിക്കുന്ന 'റോമൻ കത്തോലിക്കാക്കാരനാ'യ യുവ നേതാവും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന മറ്റുള്ളവരും ഈ പുസ്തകം വായിക്കുന്നത് നന്നായിരിക്കും. അതുവഴി മനസിനെ മഥിക്കുന്ന സംശയങ്ങൾക്കും വ്യാകുലതകൾക്കും ശമനം കിട്ടും.

പ്രിയപ്പെട്ട ശ്രീ. വി ഡി സതീശന്റെ പിതാവ് വടശ്ശേരിൽ ദാമോദര മേനോന്റെയും അമ്മ വിലാസിനി അമ്മയുടെയും ഓർമ്മകൾക്ക് മുൻപിൽ എന്റെ നമസ്കാരം. ഈ അച്ഛനമ്മമാരെ ഓർത്ത് നമുക്കും അഭിമാനിക്കാം. സുസ്ത്യർഹമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ച് മുഖ്യമന്ത്രി വി ഡി സതീശനും കേരളത്തിന്റെ അഭിമാനമായി മാറട്ടെ എന്നു ഞാൻ ആശംസിക്കുന്നു.