കേരളത്തിൽ 52 ദിവസത്തെ ട്രോളിംഗ് എത്തുന്നു; മീൻ വാങ്ങി ദിവസങ്ങളോളം ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവർ ഇക്കാര്യമറിയണം

Tuesday 02 June 2026 1:25 PM IST

കേരളത്തിൽ ട്രോളിംഗ് നിരോധനം എത്തുകയാണ്. കേരളതീരത്ത് ജൂൺ ഒൻപത് മുതൽ ജൂലായ് 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധമുള്ളത്. സാധാരണയായി ഈ സമയത്ത് മീനും ഇറച്ചിയുമൊക്കെ കുറച്ചധികം വാങ്ങി മിക്കവരും ഫ്രിഡ്‌ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ മീൻ ഇത്തരത്തിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാ മീനുകളും ഒരുപോലെയല്ല സൂക്ഷിക്കേണ്ടത്. ഓരോ മീൻ സൂക്ഷിക്കുന്നതിനും വ്യത്യസ്തമായ രീതികളുണ്ട്.

  • ചാള, മത്തി, തിലോപ്പിയ തുടങ്ങിയ മീനുകൾ ആറുമുതൽ എട്ടുമാസം വരെ ഫ്രീസറിൽ സൂക്ഷിക്കാം.
  • സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പ് കൂടിയ മീനുകൾ ആണെങ്കിൽ രണ്ട് മുതൽ മൂന്ന് മാസം വരയെ ഫ്രീസറിൽ സൂക്ഷിക്കാൻ പാടുള്ളൂ.
  • ഏത് മീൻ ആണെങ്കിലും ഫ്രീസറിലെ താപനില -18 ഡിഗ്രി സെൽഷ്യസിന് താഴെയാണെന്ന് ഉറപ്പുവരുത്തണം.
  • മീൻ വാങ്ങിയാൽ അധികനേരം പുറത്തുവയ്ക്കാതെ കഴിവതും വേഗത്തിൽ ഫ്രീസറിലേയ്ക്ക് മാറ്റാൻ ശ്രദ്ധിക്കണം.
  • വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുകയാണെങ്കിൽ ഘടനയും രുചിയും വ്യത്യാസപ്പെടില്ല.
  • പ്ളാസ്റ്റിക്കിലോ അലുമിനിയം ഫോയിലിലോ പൊതിഞ്ഞുവേണം മീൻ ഫ്രീസറിൽ സൂക്ഷിക്കേണ്ടത്.

നല്ല മീൻ നോക്കി വാങ്ങാൻ ചില ടിപ്പുകൾ പരീക്ഷിക്കാം:

  • അമർത്തി നോക്കുക: ഫ്രഷ് മീൻ ആണെങ്കിൽ അമർത്തിയ ഭാഗം ഉടൻ തന്നെ പഴയ രൂപത്തിലേയ്ക്ക് തിരിച്ചുവരും. പഴകിയ മീൻ ആണെങ്കിൽ അമർത്തിയ ഭാഗത്ത് വിരലിന്റെ അടയാളം ഉണ്ടാവുകയോ മാംസം കുഴഞ്ഞുപോവുകയോ ചെയ്യും.
  • കണ്ണുകൾ: ഫ്രഷ് മീനിന്റെ കണ്ണുകൾ തിളക്കമുള്ളതും പുറത്തേയ്ക്ക് തള്ളിനിൽക്കുന്നതും സുതാര്യവും ആയിരിക്കും. പഴകിയ മീനിന്റെ കണ്ണുകൾ നിറം മങ്ങിയതും ഒട്ടിപ്പോയതുമായി കാണപ്പെടും.
  • ചെകിളപ്പൂക്കൾ: ഫ്രഷ് മീനിന്റെ ചെകിളപ്പൂക്കൾക്ക് നല്ല ചുവന്ന നിറമായിരിക്കും. പഴകിയതാണെങ്കിൽ ബ്രൗൺ, ഗ്രേ നിറമായിരിക്കും.
  • ബലം: മീൻ വാലിൽ പിടിച്ച് ഉയർത്തി നോക്കുക. ഫ്രഷ് ആണെങ്കിൽ നേരെ നിൽക്കും. പഴകിയത് വളഞ്ഞ രൂപത്തിലും.
  • മണം: ഫ്രഷ് മീനിന് കടലിന്റെ മണം ആയിരിക്കും ഉണ്ടാവുക. പഴകിയതിന് രൂക്ഷഗന്ധവും.