SignIn
Kerala Kaumudi Online
Friday, 26 June 2026 11.57 AM IST

കണ്ണല്ല! ദിശ തെറ്റാതെ പറക്കാൻ പ്രാവുകളെ സഹായിക്കുന്ന അവയവം, കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

pigeons

പ്രാവുകൾ എങ്ങനെയാണ് ​​​ മേഘാവൃതമായ ആകാശത്തിലൂടെ വഴി തെറ്റാതെ കൃത്യമായി തങ്ങളുടെ കൂട്ടിലേക്ക് തിരിച്ചെത്തുന്നത് എന്നത് വർഷങ്ങളായി ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരുന്ന ഒന്നാണ്. ഭൂമിയുടെ കാന്തികവലയം മനസിലാക്കി സഞ്ചരിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ശാസ്ത്രം മനസ്സിലാക്കിയിരുന്നെങ്കിലും അത് ശരീരത്തിലെ ഏത് ഭാഗം ഉപയോഗിച്ചാണ് സാദ്ധ്യമാക്കുന്നത് എന്നതിൽ വ്യക്തതയില്ലായിരുന്നു. എന്നാൽ ഇപ്പോൾ പ്രാവുകളുടെ ഉള്ളിലുള്ള ഈ കാന്തിക കോമ്പസ് സ്ഥിതി ചെയ്യുന്നത് എവിടെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

പ്രാവുകളുടെ കരളിലാണ് കാന്തിക കോമ്പസ് സ്ഥിതി ചെയ്യുന്നത് എന്നാണ് മാക്സ് പ്ലാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ബിഹേവിയർ,​ ബോൺ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരുടെ ഏറ്റവും പുതിയ കണ്ടെത്തൽ. പ്രാവുകളുടെ കരളിൽ ദശലക്ഷക്കണക്കിന് മാക്രോഫേജുകൾ​ (ഇരുമ്പ് അടങ്ങിയ പ്രതിരോധ കോശങ്ങൾ)​ അടങ്ങിയിട്ടുണ്ട്. ഇവ കേടുപാടുകൾ സംഭവിച്ച് ചുവന്ന രക്താണുക്കളിലെ ഇരുമ്പ് ഘടകങ്ങളെ വേർതിരിച്ച് ശേഖരിക്കുന്നു. എന്നിട്ട് ഈ ഇരുമ്പ് തന്മാത്രകൾ ഭൂമിയുടെ കാന്തികവലയത്തിന് അനുസൃതമായി ക്രമീകരിക്കപ്പെടുന്നു.

​കരളിലെ ഈ കാന്തിക കോശങ്ങൾ ശരീരത്തിലെ നാഡീവ്യൂഹങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.കാന്തികവലയത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഈ കോശങ്ങൾ തിരിച്ചറിയുകയും ഈ വിവരങ്ങൾ നാഡികൾ വഴി പ്രാവിന്റെ തലച്ചോറിലേക്ക് കൈമാറുകയും ചെയ്യുന്നു. ഇതുവഴി പ്രാവുകൾക്ക് സഞ്ചരിക്കേണ്ട കൃത്യമായ അറിയാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ​​സാധാരണ വെയിലുള്ള ദിവസങ്ങളിൽ പ്രാവുകൾ ദിശയറിയാൻ സൂര്യപ്രകാശത്തെയാണ് ആശ്രയിക്കുന്നത്. മേഘാവൃതമായ ദിവസങ്ങളിൽ മാത്രമാണ് ഇവ കാന്തികവലയത്തിന്റെ സഹായം തേടുന്നത്.

​പക്ഷികൾ കാന്തികവലയം തിരിച്ചറിയുന്നത് അവയുടെ കണ്ണുകളോ ചുണ്ടുകളോ ഉപയോഗിച്ചാണെന്നായിരുന്നു മുൻകാലങ്ങളിലെ നിഗമനങ്ങൾ.എന്നാൽ കരളിലെ രോഗപ്രതിരോധ കോശങ്ങളാണ് ഈ അത്ഭുത കോമ്പസായി പ്രവർത്തിക്കുന്നതെന്ന പുതിയ കണ്ടെത്തൽ ജീവശാസ്ത്ര രംഗത്തെ പുതിയൊരു നാഴികകല്ലാണ്. പക്ഷികളുടെയും മറ്റ് മൃഗങ്ങളുടെയും ദേശാടനങ്ങളെക്കുറിച്ചും പ്രകൃതിയിലെ കാന്തിക വ്യതിയാനങ്ങൾ ജീവികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ഈ പഠനം സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEALTH, LIFESTYLE HEALTH, PIGEONS, MAGNETIC SENCE, BIRDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY