മുട്ടയ്ക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക
പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. പേശികളുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദിവസവും മുട്ട കഴിക്കുന്നത് വളരെ ഉത്തമമാണ്. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളുടെ പുനരുൽപ്പാദനത്തിനും പേശികളുടെ ബലത്തിനും സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനത്തിനും നാഡികളുടെ ആരോഗ്യത്തിനും ആവശ്യമായ കോളിൻ എന്ന പോഷകം മുട്ടയിൽ ധാരാളമുണ്ട്. മുട്ടയിലുള്ള ല്യൂട്ടെയ്ൻ, സിയാസെന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. വിറ്റാമിൻ ബി-12, ബയോട്ടിൻ, സെലിനിയം തുടങ്ങിയവ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇങ്ങനെ നിരവധി ഗുണങ്ങളാണ് മുട്ടയ്ക്കുള്ളത്.
പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും പൊതുവെ മുട്ട ഉപയോഗിക്കാറുണ്ടെങ്കിലും ചില ഭക്ഷണങ്ങൾക്കൊപ്പം ഇത് കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അത്തരത്തിൽ മുട്ടയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.
ചായ
ചായയോടൊപ്പം മുട്ട കഴിക്കുന്നത് ഒഴിവാക്കണം. ചായയിലുള്ള ടാന്നിനുകൾ മുട്ടയിലെ പ്രോട്ടീൻ ആഗിരണം ചെയ്യപ്പെടുന്നതിനെ തടയുകയും ഗ്യാസ്,വീക്കം, മലബന്ധം, അല്ലെങ്കിൽ അസിഡിറ്റി പോലുള്ള ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
സോയാ മിൽക്ക്
സോയാ മിൽക്കും മുട്ടയും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിൽ അമിതമായ പ്രോട്ടീൻ അടിഞ്ഞുകൂടുന്നതിന് കാരണമാകും. അതിനാൽ ഇവ രണ്ടും കഴിക്കുന്നതാണ് നല്ലത്.
പഞ്ചസാര
മുട്ടയോടൊപ്പം കഴിക്കാൻ പാടില്ലാത്ത മറ്റൊരു പ്രധാനപ്പെട്ട ഒന്നാണ് പഞ്ചസാര. മുട്ട പ്രോട്ടീന്റെയും അമിനോ ആസിഡുകളുടെയും മികച്ച ഉറവിടമാണെങ്കിലും, പഞ്ചസാര മുട്ടകളിലെ അമിനോ ആസിഡുകളുമായി സംയോജിക്കുമ്പോൾ ഒരു രാസപ്രവർത്തനം നടക്കുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. മുട്ടയോടൊപ്പം മധുര പലഹാരങ്ങളോ മറ്റു പാനീയങ്ങളോ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്.
മാംസം
മുട്ടയോടൊപ്പം മറ്റ് മാംസങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധർ പറയുന്നത്, കാരണം മുട്ടയും മാംസവും പ്രോട്ടീനീന്റെയും കൊഴുപ്പിന്റെയും മികച്ച ഉറവിടങ്ങളാണ്, ഇത് ഒരുമിച്ച് കഴിക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ദഹനവ്യവസ്ഥയെ അമിതമായി ഭാരപ്പെടുത്തുന്നത് ഭക്ഷണശേഷം അസ്വസ്ഥത, ക്ഷീണം, മന്ദത എന്നിവയ്ക്ക് കാരണമായേക്കാം.
അച്ചാർ
ഉയർന്ന അളവിൽ ഉപ്പും എണ്ണയുമടങ്ങിയ അച്ചാറുകൾ മുട്ടയ്‌ക്കൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കാരണം മുട്ടയിൽ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അച്ചാറിലെ അമിതമായ ഉപ്പും എണ്ണയും ഇതിലേക്ക് കൂടിച്ചേരുമ്പോൾ ശരീരത്തിനെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.