
കാലാതീതമായ ചരിത്രസ്മാരകങ്ങളും പ്രകൃതി വിസ്മയങ്ങളും എന്നും സഞ്ചാരികളെ ആകർഷിക്കാറുണ്ട്. അത്തരത്തിൽ പ്രകൃതിയുടെ മാസ്മരികതയാൽ ഓരോ വർഷവും രൂപമാറ്റം സംഭവിക്കുന്ന കർണാടകയിലെ ഒരു അപൂർവ ദേവാലയമാണ് ഷെട്ടിഹള്ളി റോസറി ചർച്ച്.ഹാസൻ ജില്ലയിൽ ഹേമാവതി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഈ ദേവാലയത്തിന് ഫ്ലോട്ടിംഗ് ചർച്ച് , പ്രേതാലയം എന്നിങ്ങനെ വിളിപ്പേരുകൾ ഏറെയാണ്.
കാലവർഷത്തിൽ പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും വേനലിൽ വീണ്ടും ദൃശ്യമാവുകയും ചെയ്യുന്ന ഈ ചർച്ച് കർണാടകയിലെ ഏറ്റവും സവിശേഷമായ കാഴ്ചകളിൽ ഒന്നാണ്. 1860കളിൽ ഇന്ത്യയിലെത്തിയ ഫ്രഞ്ച് മിഷനറിമാരാണ് ഈ പള്ളി നിർമ്മിച്ചത്. അക്കാലത്ത് അടുത്തുള്ള എസ്റ്റേറ്റുകളിൽ താമസിച്ചിരുന്ന സമ്പന്നരായ ബ്രിട്ടീഷുകാരുടെ പ്രധാന ആരാധനാലയമായിരുന്നു ഇത്. ഹേമാവതി നദിയുടെ തീരത്ത് ഇഷ്ടികയും ചുണ്ണാമ്പും ഉപയോഗിച്ച് ക്ലാസിക് ഫ്രഞ്ച് ഗോതിക് ശൈലിയിലാണ് ഈ മനോഹരമായ പള്ളി പണിതുയർത്തിയത്.
1960കളിൽ ഗോരൂരിന് സമീപം ഹേമാവതി അണക്കെട്ടും ജലാശയവും നിർമ്മിച്ചതോടെയാണ് ഈ പള്ളിയുടെ ചരിത്രം മാറിയത്. ജലനിരപ്പ് ഉയർന്നതോടെ സമീപത്തെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും ആളുകൾ അവിടം വിട്ട് മറ്രൊരിടത്തേയ്ക്ക് മാറുകയും ചെയ്തു. ഇതോടെ പള്ളി പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. വർഷം തോറുമുള്ള വെള്ളപ്പൊക്കത്തിൽ പള്ളിയുടെ മേൽക്കൂര തകർന്നുവീണെങ്കിലും അതിന്റെ കൂറ്റൻ കമാനങ്ങളും തൂണുകളും ഇന്നും തകരാതെ ഒരു ചരിത്ര വിസ്മയമായി അവിടെയുണ്ട്.
യഥാർത്ഥത്തിൽ ഈ പള്ളിയുമായി ബന്ധപ്പെട്ട് പ്രേതകഥകളോ മറ്റ് അമാനുഷിക സംഭവങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഇതിന്റെ ഏകാന്തമായ അന്തരീക്ഷവും ഭയമുണർത്തുന്ന രൂപവുമാണ് പ്രേതാലയം എന്ന പേരിന് പിന്നിൽ. മൺസൂൺ കാലത്തെ രാത്രികളിൽ ഇരുണ്ട വെള്ളത്തിന് നടുവിൽ മേൽക്കൂരയില്ലാതെ പുകമഞ്ഞുകൊണ്ട് മൂടി പക്ഷികളുടെ ശബ്ദം മുഴങ്ങുന്ന ഈ തകർന്ന പള്ളി കാഴ്ച്ചക്കാരിൽ ഒരു വല്ലാത്ത ഭയം ഉളവാക്കും.
ശക്തമായ മഴയിൽ പള്ളി ഭാഗികമായി വെള്ളത്തിൽ മുങ്ങുന്നു. ദൂരെ നിന്ന് നോക്കുമ്പോൾ ഇത് തടാകത്തിന് നടുവിൽ ഒഴുകിനടക്കുന്നതായി തോന്നും. പിന്നീട് ജലനിരപ്പ് താഴുകയും പള്ളി വീണ്ടും പഴയ സ്ഥിതിയിലേയ്ക്ക് വരികയും ചെയ്യും. ഇതുതന്നെയാണ് ഷെട്ടിഹള്ളി ചർച്ചിനെ വ്യത്യസ്തമാക്കുന്നതും.
ചർച്ചിന്റെ വാസ്തുവിദ്യയും അകക്കാഴ്ചകളും ആസ്വദിക്കാൻ നല്ലത് വേനലാണ്. മനോഹരമായ പുഴയോരത്തെ കാഴ്ചകളാസ്വദിക്കാവുന്ന കാലം കൂടിയാണിത്. പരന്നു കിടക്കുന്ന തീരത്തെ കൃഷിയിടങ്ങളും മെലിഞ്ഞൊഴുകുന്ന പുഴയുമെല്ലാം വേറിട്ട അനുഭവമാണ്. സിനിമാറ്റിക് ഫോട്ടോഗ്രഫിക്കും പ്രകൃതിഭംഗി ആസ്വദിക്കാനും ശാന്തമായ സൂര്യാസ്തമയ കാഴ്ചകൾക്കുമായി നിരവധി സഞ്ചാരികളാണ് ഷെട്ടിഹള്ളി റോസറി ചർച്ചിലേയ്ക്ക് എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |