ഗർഭകാലത്തുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും അവഗണിക്കരുത്; പ്രീക്ലാംപ്‌സിയയെക്കുറിച്ച് അറിഞ്ഞിരിക്കൂ
ഗർഭകാലത്ത് സാധാരണ അസ്വസ്ഥത എന്ന് കരുതി പല സ്ത്രീകളും അവഗണിക്കുന്ന ചില ലക്ഷണങ്ങൾ ചിലപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ മുന്നറിയിപ്പായിരിക്കാം. അത്തരത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട അവസ്ഥകളിൽ ഒന്നാണ് പ്രീക്ലാംപ്സിയ. ഗർഭധാരണത്തിന്റെ 20 ആഴ്ചകൾക്ക് ശേഷമാണ് സാധാരണയായി ഗർഭിണികളിൽ ഇത് കണ്ടുവരുന്നത്.
എന്താണ് പ്രീക്ലാംപ്‌സിയ? ഗർഭകാലത്ത് ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം മൂലം സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്നമാണ് പ്രീക്ലാംപ്സിയ. പല സാഹചര്യങ്ങളിലും ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം.
ഉയർന്ന രക്തസമ്മർദ്ദത്തോടൊപ്പം കരൾ, വൃക്ക, മസ്തിഷ്‌കം പോലുള്ള അവയവങ്ങളുടെ പ്രവർത്തനത്തെയും ഇത് ബാധിക്കാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, മാതൃദുരന്തങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നായി പ്രീക്ലാംപ്സിയെ കണക്കാക്കപ്പെടുന്നു.
പഠനങ്ങൾ പ്രകാരം, 100 ഗർഭിണികളിൽ ഏകദേശം അഞ്ച് മുതൽ എട്ടുപേർ വരെ ഗർഭകാല ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നുണ്ട്. എല്ലാ കേസുകളും ഗുരുതരമാകണമെന്നില്ലെങ്കിലും, കൃത്യസമയത്ത് കണ്ടെത്തി നിയന്ത്രിക്കാത്ത പക്ഷം ഇത് പ്രീക്ലാംപ്സിയ പോലുള്ള അപകടകരമായ അവസ്ഥകളിലേക്ക് മാറാൻ സാദ്ധ്യതയുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം കാരണം ഗർഭസ്ഥശിശുവിലേക്ക് ആവശ്യമായ രക്തവും ഓക്സിജനും ശരിയായ അളവിൽ എത്താതെ വരാം. ഇതിലൂടെ കുഞ്ഞിന്റെ വളർച്ച മന്ദഗതിയിലാകുക, കുറഞ്ഞ ജനനഭാരം, മാസം തികയുന്നതിന് മുമ്പുള്ള പ്രസവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള ഗുരുതര സാഹചര്യങ്ങളിൽ ഗർഭസ്ഥശിശുവിന്റെ ജീവനും അപകടത്തിലാകാം.
അമ്മമാരിൽ വൃക്ക തകരാർ, കരൾ സംബന്ധമായ പ്രശ്നങ്ങൾ, അപസ്മാരം, ഹൃദയസംബന്ധമായ സങ്കീർണതകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകാം. അതുകൊണ്ടുതന്നെ ഗർഭകാലത്ത് ബ്ലഡ് പ്രഷർ സ്ഥിരമായി പരിശോധിക്കുകയും അസാധാരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പ്രീക്ലാംപ്സിയ സാദ്ധ്യത കൂടുതലുള്ളവര്‍ ആരെല്ലാം? ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രീക്ലാംപ്സിയയ്ക്കും ചില സ്ത്രീകള്‍ക്ക് സാദ്ധ്യത കൂടുതലാണ്. ആദ്യ ഗര്‍ഭധാരണം, കുടുംബത്തില്‍ ഇതിന് മുന്‍പ് സമാന ആരോഗ്യപ്രശ്നങ്ങളുടെ ചരിത്രം ഉണ്ടായിരിക്കുക, ഇരട്ടക്കുഞ്ഞുങ്ങളെയോ അതിലധികം കുഞ്ഞുങ്ങളെയോ ഗര്‍ഭം ധരിക്കുന്നത് എന്നിവ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
40 വയസിന് മുകളിലുള്ള ഗര്‍ഭിണികള്‍, അമിതവണ്ണമുള്ളവര്‍, ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ എന്നിവരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട വിഭാഗത്തിലാണ്. ഇത്തരം സാഹചര്യങ്ങളുള്ളവര്‍ ഗര്‍ഭകാലത്ത് സ്ഥിരമായ ആരോഗ്യപരിശോധനകള്‍ നടത്തുകയും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.
ലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ പെട്ടെന്ന് ഉയരുന്ന രക്തസമ്മർദ്ദം, മൂത്രത്തിൽ പ്രോട്ടീൻ കൂടുതലായി കാണപ്പെടുന്നത്, കടുത്ത തലവേദന, കാഴ്ച മങ്ങൽ, മുഖത്തും കൈകാലുകളിലും പെട്ടെന്നുണ്ടാകുന്ന വീക്കം, ശ്വാസതടസം, കൂടാതെ വലതുഭാഗത്തെ വയറുവേദന എന്നിവയൊക്കെ പ്രീക്ലാംപ്സിയയുടെ പ്രധാനപ്പെട്ട സങ്കീർണതകളിൽ ഉൾപ്പെടുന്നു. ഇവയിലേതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുന്നത് അത്യാവശ്യമാണ്.
ഗർഭകാലത്ത് ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും പലപ്പോഴും മുൻകരുതലുകൾ സ്വീകരിച്ച് കുറയ്ക്കാൻ കഴിയുന്നവയാണ്. ഗർഭധാരണത്തിന് മുമ്പ് തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, പോഷകസമൃദ്ധമായ ഭക്ഷണം ഉൾപ്പെടുത്തുക, സ്ഥിരമായി വ്യായാമം ചെയ്യുക എന്നിവ ഗർഭകാല ഹൈപ്പർടെൻഷൻ സാദ്ധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ചികിത്സയുടെ ഭാഗമായി രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന മരുന്നുകളും, ആവശ്യമായ സാഹചര്യങ്ങളിൽ അപസ്മാരം തടയുന്നതിനുള്ള ചികിത്സയും നിർദ്ദേശിക്കാറുണ്ട്. അവസ്ഥ കൂടുതൽ ഗുരുതരമായാൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ മുൻനിർത്തി പ്രസവം നേരത്തെ നടത്തേണ്ട സാഹചര്യം ഉണ്ടായേക്കാം. അതിനാൽ തന്നെ സ്ഥിരമായ ഗർഭകാല പരിശോധനകളും നിരന്തരം ബ്ലഡ് പ്രഷർ നിരീക്ഷണവും പ്രീക്ലാംപ്സിയെ നേരത്തെ കണ്ടെത്താനും ഫലപ്രദമായി നിയന്ത്രിക്കാനും സഹായിക്കുന്നു.
പ്രീക്ലാംപ്സിയയെക്കുറിച്ചുള്ള ബോധവൽക്കരണം ഓരോ ഗർഭിണിയുടെയും സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഗർഭകാലത്ത് ശരീരം നൽകുന്ന ചെറിയ മാറ്റങ്ങളും മുന്നറിയിപ്പുകളും ശ്രദ്ധയിൽപ്പെടുത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. സ്ഥിരമായ പരിശോധനകളും ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതും ഈ അവസ്ഥയെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ശരിയായ സമയത്ത് ശ്രദ്ധയും പരിചരണവും ലഭിക്കുമ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കും.
ഡോ. സിസിജ കല്ലൂപ്പറമ്പൻ കൺസൾട്ടന്റ് റീപ്രൊഡക്റ്റീവ് മെഡിസിൻ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചെങ്ങന്നൂർ