എന്താണ് 'കോക്രോച്ച് ജനതാ പാർട്ടി'; സോഷ്യൽ മീഡിയയിലെ തരംഗത്തിന് പിന്നിലെ കാരണം
കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഒന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി'. എന്നാൽ ഇപ്പോഴും എന്താണിതെന്ന് പലർക്കും മനസിലായിട്ടില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യൻ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് 'കോക്രോച്ച് ജനതാ പാർട്ടി (സിജെപി)'.
വളരെ ചുരുക്കം സമയം കൊണ്ടുതന്നെ ഈ പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ വെെറലായി. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായതെന്ന് 'കോക്രോച്ച് ജനതാ പാർട്ടി' അവകാശപ്പെടുന്നു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്.
കഴിഞ്ഞയാഴ്ച കോടതി നടപടിക്കിടെയാണ് യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് ഉപമിച്ചത്. യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാദ്ധ്യമപ്രവർത്തകരും ചില സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവർ കോക്രോച്ചുകളും പരാന്നഭോജികളുമാണ് എന്നായിരുന്നു പരാമർശം.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി' രൂപീകരിച്ചത്. നിലവിൽ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിന് നാലുലക്ഷത്തിലധികം ഫോളോവേഴ്സും എക്സ് അക്കൗണ്ടിൽ 38,000ലധികം ഫോളോവേഴ്സുമുണ്ട്. എന്നാൽ തന്റെ നിരീക്ഷണങ്ങൾ ചില മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചു.