
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിനും കരുതലിനും ഭംഗി അൽപം കൂടുതലായിരിക്കും. പലപ്പോഴും മാതാപിതാക്കളെക്കാൾ അധികമായി ഇളയ കുട്ടികളെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത് മൂത്ത കുട്ടികളായിരിക്കും. അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുഞ്ഞനുജനെ പിന്നിൽനിന്ന് കണ്ണുപൊത്തിക്കൊണ്ടുവരുന്ന ജ്യേഷ്‌ഠനെയാണ് വീഡിയോയിൽ കാണാനാകുന്നത്. അനുജന് പിറന്നാളിനുള്ള സമ്മാനമാണ് മുന്നിലുള്ളത്. ചെറിയ തുണികൊണ്ട് മൂടിയിരിക്കുകയാണ് ആ സമ്മാനം. ജ്യേഷ്‌ഠൻ തന്റെ കണ്ണിലെ പിടിവിട്ടയുടൻ ഇത് കാണുന്ന അനുജന് തുണിയ്‌ക്കുള്ളിൽ എന്താണെന്ന് മനസിലാകുന്നില്ല. അതിനുള്ളിൽ എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംഷ അവന്റെ മുഖത്ത് കാണാനാകുന്നുണ്ട്. അനുജനെ അധികം കുഴപ്പിക്കാതെ ജ്യേഷ്‌ഠൻ തന്നെ തുണിമാറ്റുന്നുണ്ട്. തനിക്കായുള്ള സൈക്കിളാണ് അതെന്ന് അറിയുന്ന നിമിഷത്തിൽ അവന്റെ അമ്പരപ്പും പിന്നീടുള്ള ചിരിയുമെല്ലാം കാഴ്‌ചക്കാരുടെ മനസ് നിറയ്‌ക്കുന്നുണ്ട്. ഓടിവന്ന് സൈക്കിളിൽ തൊട്ടുനോക്കുകയാണ് ആ കുരുന്ന്. സൈക്കിളിലെ ബട്ടൺ അമർത്തി ഹെഡ്‌ലൈറ്റ് കത്തിച്ചുകാണിച്ചുകൊടുക്കുമ്പോൾ ഒരത്ഭുതം കണ്ട സന്തോഷത്തിലാണ് അനുജൻ നിൽക്കുന്നത്.
ആ കുരുന്നിനെ സൈക്കിളിൽ കയറ്റിയിരുത്തുന്നതും അവന്റെ ജ്യേഷ്‌ഠൻ തന്നെ. കാഴ്‌ചയ്‌ക്ക് ഏഴോ എട്ടോ വയസുമാത്രമാണ് തോന്നുന്നതെങ്കിലും ഒരു വല്യേട്ടന്റെ പക്വതയോടെയാണ് അവൻ കാര്യങ്ങൾ ചെയ്യുന്നത്. തന്റെ മക്കളുടെ സന്തോഷം നിറചിരിയോടെ നോക്കിനിൽക്കുന്ന അമ്മയെയും വീഡിയോയിൽ കാണാം. തുടർന്ന് സൈക്കിൾ ബാസ്‌കറ്റിൽ ഒരു പ്ലാവിൻ തൈവച്ച് ചവിട്ടി അച്ഛന്റടുക്കലേക്കെത്തുന്നതും ആ വൃക്ഷത്തൈ മണ്ണിൽ നടുന്നതും കാണാം. പിറന്നാൾ ദിനത്തിൽ ഒരു മരം നടണമെന്ന സന്ദേശമാണ് കുടുംബം നൽകുന്നത്. പിന്നീട് ഒരു ചെറിയ സദ്യയൊരുക്കി നാലുപേരും ചേർന്ന് പിറന്നാൾ ആഘോഷമാക്കുന്നുണ്ട്.
'ആർഭാടങ്ങളുടെ കെട്ടു കാഴ്ചകൾക്ക് അപ്പുറം നന്മയുള്ള കുടുംബത്തിൽ പിറന്നത് ഭാഗ്യം, 'അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിലും ഏട്ടന്റെ കരുതലിലും അവൻ വളരട്ടെ' തുടങ്ങിയ കമന്റുകൾക്കൊപ്പം നിരവധി പേരാണ് കുരുന്നിന് ജന്മദിനാശംസകൾ നേരുന്നത്. തുഷാൽ സിപി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അച്ഛനും അമ്മയും രണ്ട് മക്കളും ചേർന്ന് കൃഷിചെയ്യുന്നതിന്റെയും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിന്റെയും നിരവധി വീഡിയോകൾ അക്കൗണ്ടിൽ കാണാൻ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |