വിദേശത്തൊന്നുമല്ല, ഈ അതിമനോഹര കാഴ്‌ചയുള്ളത് നമ്മുടെ കേരളത്തിൽ; ചുരുങ്ങിയ ചെലവിൽ ആസ്വദിക്കാം
യാത്ര ചെയ്യാൻ താൽപ്പര്യമില്ലാത്തവർ വളരെ ചുരുക്കമാണ്. പലരും പോകാനാഗ്രഹിക്കുന്നത് വിദേശ രാജ്യങ്ങളിലേക്കാണ്. എന്നാൽ, വിദേശത്ത് കാണുന്ന അതേ ദൃശ്യഭംഗിയുള്ള പല സ്ഥലങ്ങളും നമ്മുടെ കേരളത്തിലുണ്ട്. പലരും തിരിച്ചറിയാതെ പോകുന്ന ഇത്തരം സ്ഥലങ്ങൾ കാഴ്‌ചയ്‌ക്കുള്ല ഭംഗി മാത്രമല്ല മെഡിറ്റേഷൻ ചെയ്യുന്നതുപോലെ മനസിനെ ശാന്തമാക്കാനും സഹായിക്കും. അത്തരത്തിലുള്ള ഒരു സ്ഥലമാണ് വയനാട് ജില്ലയിലെ കൊടുമുടിയായ ചെമ്പ്ര.
കൽപ്പറ്റയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഈ കൊടുമുടി സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയാണ് ചെമ്പ്ര. വയനാടിന്റെയും നീലഗിരിയുടെയും മദ്ധ്യത്തിലുള്ള ഈ ട്രക്കിംഗ് അനുഭവം മനസിനും ശരീരത്തിനും ഉണർവേകും. സമുദ്രനിരപ്പിൽ നിന്നും 6,900 അടി ഉയരത്തിലാണ് ചെമ്പ്ര കൊടുമുടിയുള്ളത്.
മേപ്പാടിയിൽ നിന്ന് ചെമ്പ്ര കൊടുമുടിയുടെ അടിവാരം വരെ വാഹനത്തിലെത്തി അവിടെ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂറാണ് ഇവിടെ ട്രക്കിംഗിന് വേണ്ടിവരുന്നത്. ട്രക്കിംഗ് നടത്തി അധികം പരിചയമില്ലാത്തവർക്കും ഇവിടേക്ക് പോകാം. ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകമാണ് ഇവിടുത്തെ പ്രധാന കാഴ്‌ച. പച്ചപ്പ് നിറഞ്ഞ പുൽത്തകിടിയിൽ നിൽക്കുന്ന തടാകം കാണാനായി മാത്രം ചെമ്പ്ര കൊടുമുടിയിലെത്തുന്നവരുമുണ്ട്. ആകെ നാലര കിലോമീറ്ററുള്ള ട്രിക്കിംഗ് സംഘടിപ്പിക്കുന്നത് വനംവകുപ്പിന്റെ ചെമ്പ്ര കൊടുമുടി വിഎസ്‌എസ് ഇക്കോ ടൂറിസമാണ്. ഇതിന്റെ ഓഫീസിൽ നിന്ന് ടിക്കറ്റെടുക്കാവുന്നതാണ്.