നഗരത്തിൽ വീണ്ടും പെരുമ്പാമ്പിനെ പിടികൂടി

Wednesday 27 May 2026 7:50 PM IST

ആലപ്പുഴ: നഗരത്തിൽ രണ്ടാംദിനവും പെരുമ്പാമ്പിനെ പിടികൂടി. കോടതിപ്പാലത്തിനുസമീപം അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഓഫിസിന് പരിസരത്ത് വലയിൽ കുടുങ്ങിയ പാമ്പിനെയാണ് പിടികൂടിയത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം. സമീപവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് സർപ്പ ആപിലെ പ്രതിനിധി ജിബിനെത്തിയാണ് വലയുടെ കണ്ണികൾ വെട്ടി പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. ചൊവ്വാഴ്ചയും സമാനരീതിയിൽ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പെരുമ്പാമ്പിനെ വീണ്ടും കണ്ടത്. ജനുവരിൽ ശവക്കോട്ട പാലത്തിന് സമീപത്തുനിന്നും നാല് വലിയ പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു. കഴിഞ്ഞദിവസം കളർകോട് ഭാഗത്തുനിന്ന് ഒരുപാമ്പിനെ പിടികൂടിയിരുന്നു. കനാലിൽ പാമ്പുകളുടെ എണ്ണം കൂടിയതോടെ സമീപവാസികൾ ആശങ്കയിലാണ്.