മൂലം ജലോത്സവ സമിതി പുനഃസംഘടിപ്പിക്കണം

Wednesday 27 May 2026 7:53 PM IST

കുട്ടനാട് : ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവസമിതി എക്സ്‌ക്യൂട്ടീവ് കമ്മി​റ്റി​യും വിവിധ സബ് കമ്മറ്റികളും പുനസംഘടിപ്പിക്കണമെന്ന ആവശ്യപ്പെട്ട് 2025ലെ വിവിധ സബ് കമ്മറ്റി ഭാരവാഹികളടക്കം കളക്ടർക്കും സബ് കളക്ടർക്കും നിവേദനം നല്കി. ആർ.ഡി.ഒ.ചെയർമാനും, തഹസീൽദാർ കൺവീനറുമായി സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും വള്ളംകളി പ്രേമികളും പൊതുപ്രവർത്തകരും ഉൾപ്പെടുന്ന വിപുലമായ ജലോത്സവ സമിതി രൂപീകരിച്ചാണ് കഴിഞ്ഞ കാലങ്ങളിൽ വള്ളംകളി സംഘടിപ്പിച്ചു വന്നിരുന്നത്.

കളിവള്ളങ്ങൾക്ക് ബോണസ് കൊടുക്കുന്നതുൾപ്പെടെ വലിയ സാമ്പത്തിക ചെലവുള്ളതിനാൽ തുച്ഛമായ സർക്കാർ ഗ്രാന്റ് തികയില്ല. രാഷ്ട്രീയ,ജാതിമത വിവേചനമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളിക്കാനും കുട്ടനാടിന്റെ തനത് സംസ്‌ക്കാരം നിലനിർത്താനും അധികൃതർ തയ്യാറാകണമെന്നാണ് ജലോത്സവ പ്രേമികളുടെ പ്രധാന ആവശ്യം. വള്ളംകളി പ്രേമികളുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ യോഗം കാര്യപരിപാടി പോലും പൂർത്തിയാക്കാതെ പിരിഞ്ഞു. വീണ്ടും പൊതുയോഗം ചേർന്ന് എല്ലാവരേയും ഉൾപ്പെടുത്തി പുതിയ കമ്മറ്റി രൂപീകരി​ക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.