സ്വർണം വിൽക്കാൻ സുഹൃത്തിനെ ഏല്പിച്ചു, പ്രകാശൻ കുടുങ്ങി

Friday 29 May 2026 10:19 PM IST

കായംകുളം : കവർച്ച ചെയ്ത സ്വർണ്ണം വിൽപന നടത്തുവാൻ ഏൽപ്പിച്ച സുഹൃത്തിന് ഉണ്ടായ സംശയമാണ് വൃദ്ധയെ കൊന്ന് കായലിൽ താഴ്ത്തിയ സംഭവത്തിൽ പ്രതി പ്രകാശൻ കുടുങ്ങാനിടയായത്. മുതുകുളം തെക്ക് സാധുപുരത്ത് തെക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (80)യെ കൊലപ്പെടുത്തിയ കേസിൽ അയൽവാസസിയും മത്സ്യത്തൊഴിലാളിയുമായ കനകക്കുന്ന് കൊച്ചുപടന്നയിൽ പ്രകാശൻ (54) കഴിഞ്ഞ ദിവസമാണ് തൃക്കുന്നപ്പുഴ പൊലീസിന്റെ പിടിയിലായത്.

ചൊവ്വാഴ്ചയാണ് കായലിൽ തങ്കമ്മയുടെ മൃതദേഹം കാണപ്പെട്ടത്. തങ്കമ്മയെ കാണാനില്ലെന്ന് തിങ്കളാഴ്ച മകൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. കൊലപാതകത്തിൽ

തെളിവുകൾ ഒന്നും ലഭ്യമാകാതെ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുമ്പോഴാണ് നിർണ്ണായക വിവരമെത്തിയത്.

തങ്കമ്മയെ കല്ല് കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച റോപ്പ് പരിശോധിച്ചതിനെത്തുടർന്ന് പ്രകാശൻ സംശയ നിഴലിൽ നിൽക്കുമ്പോഴാണ് പൊലീസ് സ്റ്റേഷനിലേക്ക് ഒരാൾ വന്ന് സ്വർണ്ണം വിറ്റ വിവരങ്ങൾ നൽകിയത്. പ്രകാശന്റെ സുഹൃത്തായ കലേഷായിരുന്നു അത്. വൃദ്ധയിൽ നിന്ന് കവർന്ന സ്വർണം വിൽക്കാനായി പ്രകാശൻ കലേഷിനെ ഏല്പിച്ചിരുന്നു. ഇതിനു ശേഷമാണ് വൃദ്ധയുടെ മൃതദേഹം പൊങ്ങിയത്. ഇതോടെ പരിഭ്രാന്തനായ കലേഷ് ഉടൻ തന്നെ ഒരു വക്കീലിനെ കണ്ടശേഷം അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം കൈമാറുകയായിരുന്നു.

നിർണായകമായി കയറും

ശക്തമായ മഴയിൽ തെളിവുകൾ ശേഖരിക്കാൻ പൊലീസിനും ഫോറൻസിക് വിദഗ്ദ്ധർക്കും കഴിഞ്ഞിരുന്നില്ല. ഡോഗ് സ്ക്വാഡിനും പെരുമഴയത്ത് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് തങ്കമ്മയെ കല്ല് കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന റോപ്പ് പ്രകാശന്റെ വീട്ടിലേതാണന്ന് ചിലർ സംശയം പ്രകടിപ്പിച്ചത്. സംസ്കാര ചടങ്ങിലും മറ്റും സജീവമായി ഉണ്ടായിരുന്ന പ്രകാശൻ പൊലീസിനെ കണ്ടതോടെ പരിഭ്രാന്തനായി. രഹസ്യമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മൃതദേഹം കയലിൽ തള്ളാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ കാലതാമസമില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലീസ്.