റോഡ് ഉദ്ഘാടനം കഴിഞ്ഞു, പാലത്തിൽ കുഴി തെളിഞ്ഞു !
കുട്ടനാട്: കോടികൾ മുടക്കി പുതിയതായി സെമി എലിവേറ്റഡ് പാത ഉൾപ്പെടെ തീർത്ത് നവീകരണ ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ എ.സി റോഡിൽ വീണ്ടും വൻ കുഴികൾ രൂപപ്പെട്ടു തുടങ്ങി. നെടുമുടി പാലത്തിന്റെ മദ്ധ്യ ഭാഗത്തായാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്രവാഹനയാത്രക്കാർ രാത്രിയിൽ ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. മഴവെള്ളം കെട്ടിക്കിടന്ന് ഈ കുഴികൾ വലിയ ഗർത്തമായി മാറുന്നതോടെ അപകടങ്ങളുടെ എണ്ണം ഇനിയും കൂടാനാണ് സാദ്ധ്യത. കാലവർഷമാകുന്നതോടെ അതിന് ഇനി അധിക ദിവസം വേണ്ടിവരില്ല. ഏത് വിപരീത സാഹചര്യത്തിലും റോഡിന്റെ ഉറപ്പിന് ഒരു കോട്ടവും തട്ടാത്ത രീതിയിലാണ് നവീകരണമെന്നാണ് കെ.എസ്.ടി.പി ഉൾപ്പെടെയുള്ള അധികൃതർ അന്ന് ഉറപ്പുനൽകിയത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞതോടെ റോഡിൽ കുഴികൾ രൂപപ്പെട്ടത് നാട്ടുകാരുടെ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
യാത്രക്കാർക്ക് കെണി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വരെ വർഷങ്ങളെടുത്ത് നടത്തിയ നവീകരണത്തെക്കുറിച്ച് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നുമാത്രമല്ല കെ.എസ്.ടി.പി ഉദ്യോഗസ്ഥരും കരാറുകാരായ ഊരാളുങ്കലും ചേർന്ന് കോടികളുടെ അഴിമതി നടത്തിയതായും ആക്ഷേപം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് റോഡിന്റെ ഇപ്പോഴത്തെ തകർച്ചയും തുടർച്ചയായ അപകടങ്ങളും.
റോഡ് നവീകരണത്തിൽ അന്നേ അഴിമതി സംശയിച്ചതാണ്. കുഴികൾ രൂപപ്പെട്ടതോടെ ആ ആക്ഷേപം കൂടുതൽ ശക്തിപ്പെട്ടിരിക്കുകയാണ്.
അതിനാൽ, വിദഗ്ദ്ധ സമിതിയെക്കൊണ്ട് സർക്കാർ അന്വേഷിക്കണം
- പ്രമോദ്ചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി