കൊച്ചരിക്കൽ നവീകരിക്കും; ശുചീകരണം ആരംഭിച്ചു
പാമ്പാക്കുട: വിനോദ സഞ്ചാര കേന്ദ്രമായ പാമ്പാക്കുട കൊച്ചരിക്കലിന്റെ നവീകരണത്തിന് തുടക്കമായി. ഒരേക്കറോളം വിസ്തൃതിയിൽ കാനന പ്രതീതി ഉയർത്തി വ്യാപിച്ചു കിടക്കുന്നതാണ് കൊച്ചരിക്കൽ ഗുഹ. കൊടിയ വേനലിലും വറ്റാത്ത നീരുറവയും കുളവും ഉൾപ്പടെ മുത്തശ്ശി മരങ്ങളുടെ വേരുകളിൽ ഒളിച്ചിരിക്കുന്ന അതിപുരാതന ഗുഹകൾ കാഴ്ചക്കാരെ വിസ്മയിപ്പിക്കും. പുരാവസ്തു സംരക്ഷണത്തിന്റെ ഭാഗമായി നേരത്തെ സംരക്ഷണ ഭിത്തി നിർമിച്ച് കുളം സംരക്ഷിക്കുകയും കരിങ്കല്ല് പാകിയ നടപ്പാത ഒരുക്കുകയും ചെയ്തിരുന്നു.
എന്നാൽ നാളുകളായി ശുചീകരണം നടക്കാത്തതോടെ കുളത്തിനുള്ളിൽ ചെളിയും പായലും അടിഞ്ഞു. പരിസരവും കാടും പ്ലാസ്റ്റിക് മാലിന്യവും വള്ളിപ്പടർപ്പും നിറഞ്ഞു. കുളത്തിലെ വെള്ളം വറ്റിച്ച് ചെളി നീക്കുന്ന ജോലികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 2 ദിവസത്തിനുള്ളിൽ ശുചീകരണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. പിന്നാലെ ഇവിടെയുള്ള കാടും മാലിന്യങ്ങളും നീക്കം ചെയ്യും.
ഇവിടെയുള്ള വൻ മരങ്ങൾക്കിടയിൽ ഊഞ്ഞാൽ ഉൾപ്പെടെ മിനി പാർക്ക് സജ്ജമാക്കും. കൂടാതെ പൊതു ജനങ്ങൾക്ക് സുരക്ഷ ഒരുക്കി, ഭംഗി നിലനിർത്തി ഇവിടെയും അരീക്കലിലും ടൂറിസം വികസനം നടപ്പാക്കും.
ഷീല ബാബു
പ്രസിഡന്റ്
പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്