അപകടക്കെണിയായി കെ.എസ്.ഇ.ബി കുഴി; ഓട്ടോ തൊഴിലാളികൾ പ്രതിഷേധത്തിൽ

Friday 22 May 2026 12:49 AM IST
കൂത്താട്ടുകുളം ടാക്സ്സി സ്റ്റാൻഡിന് സമീപത്തെ അപകടക്കുഴി

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടാക്സി സ്റ്റാൻഡിന് സമീപം കെ.എസ്.ഇ.ബി കേബിൾ ഇടാനായി എടുത്ത കുഴി മൂടാത്തത് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. കേബിൾ വഴി വൈദ്യുതി നൽകുന്നതിനായി ദിവസങ്ങൾക്ക് മുൻപ് കുഴിച്ച കുഴിയിൽ വീണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. തിരക്കേറിയ ടാക്സി സ്റ്റാൻഡിന് സമീപത്തെ അപകടാവസ്ഥ പരിഹരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

മഴ പെയ്യുമ്പോൾ വെള്ളം നിറയുന്നതിനാൽ കാൽനടയാത്രക്കാർക്ക് കുഴി കാണാൻ സാധിക്കാത്ത അവസ്ഥയാണ്. വെള്ളം മൂടിക്കിടന്ന കുഴിയിൽ വീണ് കാൽനടയാത്രക്കാർക്കും പരിക്കേൽക്കുന്നത് പതിവാണ്.

അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. അടിയന്തരമായി കുഴി മൂടി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറാകണമെന്ന് തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

ദിനംപ്രതി നിരവധി പേരാണ് കുഴിയിൽ വീഴുന്നത്. മഴ സമയത്ത് കാൽനടയാത്രക്കാർക്ക് പുറമെ ബൈക്ക് യാത്രക്കാരും അപകടത്തിൽ പെടുന്നുണ്ട്. മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ല.

അനിരുദ്ധൻ,​

ഓട്ടോറിക്ഷ തൊഴിലാളി.