മനസുകളുടെ മുറിവുണക്കി ശ്രീപാർവ്വതിയുടെ 'ബോധി'

Thursday 21 May 2026 9:55 PM IST

കൊച്ചി: മനസിന്റെ മുറിവുകൾക്ക് മരുന്ന് പുരട്ടുന്ന 'ഹീലറുടെ" വേഷമാണ് എഴുത്തുകാരി ശ്രീപാർവ്വതിക്ക്. ഡിജിറ്റൽ ലോകത്തിന് പുറത്തേക്കു മാറിനിന്ന 12 ദിവസത്തെ 'ഡിറ്റോക്സ്' നൽകിയ തിരിച്ചറിവാണ് ശ്രീപാർവ്വതിയുടെ 'ബോധി' എന്ന സ്നേഹക്കൂട്ടായ്മയ്‌ക്ക് വഴിയൊരുക്കിയത്. അപരിചിതരായ സ്ത്രീകളോട് സംസാരിക്കാൻ പോലും മടിച്ചിരുന്ന ഒരാളിൽ നിന്ന് മറ്റുള്ളവരുടെ ഉള്ളറിഞ്ഞ് സാന്ത്വനിപ്പിക്കുന്ന ഹൃദയത്തിലേക്കുള്ള പരിവർത്തനം.

സ്ത്രീകൾക്കായുള്ള ഹീലിംഗ് വർക്ക്ഷോപ്പുകൾ, വൺ ടു വൺ സെക്ഷനുകൾ, ക്രിയേറ്റീവ് വർക്ക് ഷോപ്പുകൾ, എഴുത്തിലെ തുടക്കക്കാർക്കായി ക്ലാസുകൾ, മാനസിക സമർദ്ദം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തം എന്നിവയുമായി ബോധി വളരുകയാണ്. നമ്മെത്തന്നെ തിരിച്ചറിയുമ്പോൾ കുടുംബം കൂടുതൽ മനോഹരമാകുമെന്ന വലിയ സത്യം ബോധി പഠിപ്പിക്കുന്നു. എഴുത്തിനൊപ്പം കൗൺസിലിംഗും മൈൻഡ്‌ഫുൾനെസും സമന്വയിപ്പിച്ച് മുന്നോട്ട് പോകാനാണ് ശ്രീപാർവ്വതിയുടെ തീരുമാനം.

500 മുതൽ 1000 രൂപ വരെയുള്ള കുറഞ്ഞ നിരക്കുകൾ നിശ്ചയിച്ചതോടെ കൂടുതൽ സാധാരണക്കാർക്ക് ഹീലിംഗ് പ്രക്രിയയുടെ ഭാഗമാകാൻ കഴിയുന്നു. ഭർത്താവ് ഉണ്ണി മാക്‌സ് നൽകുന്ന പിന്തുണയും യാത്രയിൽ ശ്രീപാർവ്വതിക്ക് കരുത്താണ്.

മൂന്ന് മണിക്കൂർ യാത്ര

ഇടപ്പള്ളിയിലെ ഫ്രസ്സ് ട്രീസ് കഫേയിൽ നടന്ന ആദ്യ ഓഫ്‌ലൈൻ സംഗമത്തിൽ 30-50 പ്രായക്കാരായ പന്ത്രണ്ട് സ്ത്രീകൾ ഒത്തുചേർന്നു. ജീവിതസമ്മർദ്ദങ്ങളിൽ ഉഴലുന്നവർക്കായി ഭക്ഷണക്രമീകരണം, വികാരങ്ങളെ എഴുതി ഫലിപ്പിക്കുന്ന ജേർണലിംഗ്, ഏകാഗ്രതയ്‌ക്കായി മണ്ഡല ആർട്ട് തുടങ്ങിയവയിൽ ശ്രീപാർവ്വതി പരിശീലനം നൽകി. മൂന്ന് മണിക്കൂർ നീണ്ട ആ സെഷൻ പുനർജന്മത്തിന്റെ അനുഭൂതി നൽകിയതായി പങ്കെടുത്തവർ പറയുന്നു.