ഇടവിട്ടുള്ള ചൂടും കനത്ത മഴയും പകർച്ചവ്യാധികൾ പടരുന്നു

Sunday 24 May 2026 12:14 AM IST
പകർച്ചവ്യാധികൾ പടരുന്നു

കണ്ണൂർ: ഉഷ്ണകാലാവസ്ഥയും ഇടവിട്ടുള്ള കനത്ത മഴയും പകർച്ചവ്യാധികൾ പടരാനിടയാക്കുന്നു. ജില്ലയിൽ അഞ്ച് മാസത്തിനിടെ 237 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മാങ്ങാട്ടിടം പഞ്ചായത്തിലാണ്. 22 പേർക്ക്. കഴിഞ്ഞ ദിവസം മലപ്പട്ടത്ത് ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഴീക്കോട്, എടക്കാട്, കുന്നോത്തു പറമ്പ് എന്നിവിടങ്ങളിൽ ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ ഈ വർഷം മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീകണ്ഠാപുരം, ചിറ്റാരിപ്പറമ്പ്, കൂടാളി, കുന്നോത്തുപറമ്പ്, പെരിങ്ങോം, പാട്യം, ചിറക്കൽ എന്നിവിടങ്ങളിൽ മഞ്ഞപ്പിത്തവും പടരുന്നുണ്ട്.

വേനൽ മഴ കനത്തതോടെ പനി ബാധിതരുടെ എണ്ണവും ആശങ്കാജനകമായി ഉയരുകയാണ്. പനി വന്നാലും പ്രതിരോധശേഷി കുറവുള്ളവരിലുൾപ്പെടെ രോഗമുക്തി സമയം ദീർഘിപ്പിക്കുന്നുവെന്നതാണ് മറ്റൊരു ആശങ്ക. പനി കുറയുന്നുണ്ടെങ്കിലും ക്ഷീണവും ശരീരവേദനയും ചുമയും ഒരു മാസത്തോളം നീണ്ടുനിൽക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ആയിരത്തിലധികം പനി കേസുകളാണ് ദിനംപത്രി റിപ്പോർട്ട് ചെയ്യുന്നത്. 2026 മേയ് 20ന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് പനി ബാധിച്ച് ഏഴായിരത്തിലധികം പേർ ചികിത്സ തേടിയിട്ടുണ്ട്. 35 ഡെങ്കിപനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി ബാധിച്ച് ഏറ്റവും കൂടുതൽ ഒ.പി കേസുകൾ വന്നിട്ടുള്ളത് മലപ്പുറത്താണ്. കഴിഞ്ഞ ദിവസം മാത്രം 1388 പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

2026 ജനുവരിയിൽ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 1,95,865 പനികേസുകളാണ്. നാഷണൽ സെന്റർ ഫോർ വെക്ടർ ബോൺ ഡിസീസ് കൺട്രോളിന്റെ കണക്ക് പ്രകാരം ജനുവരി മുതൽ ഈ മാസം വരെ സംസ്ഥാനത്ത് 670 ഡെങ്കിപനി കേസുകളും 9 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾ കൃത്യമായി ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിലെ ഡെങ്കിപനി കേസുകൾ

മാങ്ങാട്ടിടം പഞ്ചാ. 22

കണ്ണൂർ കോർപ. 17

ചെങ്ങളായി പഞ്ചാ. 12

ചപ്പാരപ്പടവ് പഞ്ചാ. 12

മട്ടന്നൂർ നഗരസഭ 11

പിണറായി പഞ്ചാ. 10

വേങ്ങാട് പഞ്ചാ. 9

തലശ്ശേരി നഗരസഭ 8

ആറളം പഞ്ചാ. 8

ഉളിക്കൽ പഞ്ചാ. 7

സ്വയം ചികിത്സ വേണ്ട

സ്വയം ചികിത്സയ്‌ക്കെതിരെ കർശന മുന്നറിയിപ്പ് ആണ് അധികൃതർ നൽകുന്നത്. കഫ് സിറപ്പ് പോലും കൃത്യമായ വൈദ്യോപദേശമില്ലാതെ വാങ്ങരുതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡെങ്കിപ്പനി തടയുന്നതിനായി കൊതുക് മുട്ടയിട്ട് വളരുന്ന സാഹചര്യങ്ങൾ പൂർണമായും ഇല്ലാതാക്കുക, പരിസര പ്രദേശങ്ങൾ വൃത്തിയായി സൂക്ഷിക്കുക. വീടിനകത്ത് പരിപാലിക്കുന്ന മണി പ്ലാന്റ് പോലുള്ള ചെടികളിൽ കൊതുകു മുട്ടയിടുന്നില്ലെന്ന് ഉറപ്പു വരുത്തുക, വീടിനു ചുറ്റും ടയറുകളിലോ, ചിരട്ടകളിലോ, ചെടിച്ചട്ടികളിലോ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക, ജലസംഭരണികൾ അടച്ചുസൂക്ഷിക്കുക.