തെങ്ങിൽ കുടുങ്ങിയ പരുന്തിന്‌ രക്ഷകരായി അഗ്നിശമനസേന

Sunday 24 May 2026 12:05 AM IST
തെങ്ങിന്റെ മുകളിൽ കുടുങ്ങിയ പരുന്തിന്‌ രക്ഷകരായി അഗ്നിരക്ഷാസേന

കണ്ണൂർ: കാൽടെക്സ് എൻ.എസ് തീയേറ്ററിന് സമീപം 50 അടി ഉയരമുള്ള തെങ്ങിന്റെ മുകളിൽ കുടുങ്ങിയ പരുന്തിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് 4.45നാണ് പരിസരവാസികൾ പരുന്ത് തെങ്ങിന്റെ മുകളിൽ കുരുങ്ങി കിടക്കുന്നത് കണ്ടത്. ഉടൻ അഗ്നിശമന സേനയെ വിവരം അറിയിച്ചു. അവരെത്തി തെങ്ങിന്റെ മുകളിൽ കയറി പരുന്തിനെ രക്ഷപ്പെടുത്തി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി. വിനേഷാണ് തെങ്ങിന്റെ മുകളിൽ കയറി പരുന്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. കാലിന് പരിക്ക് ഉണ്ടായതിനാൽ ഉടനെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർ പരിപാലനത്തിനായി പരുന്തിനെ മാർക്ക് സംഘടനയെ ഏൽപ്പിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ഷാജുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി.കെ ശ്രീകേഷ്, പി.പി സച്ചിൻ, കെ.പി നസീർ, കെ. അഖിൽ, ഹോം ഗാർഡ് ദിലീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.