ആചാരപെരുമയിൽ പെരുമാൾക്ക് നെയ്യാട്ടം; വൈശാഖ മഹോത്സവത്തിന് തുടക്കം
മുതിരേരി വാൾ വ്യാഴാഴ്ച വൈകിട്ട് കൊട്ടിയൂരിൽ എത്തി
കൊട്ടിയൂർ: കാടും മലയും താണ്ടി വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്ന് വാൾ എഴുന്നളളത്ത് ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേർന്നതിന് പിന്നാലെ ചോതി വിളക്ക് തെളിയിച്ച് പെരുമാൾക്ക് നെയ്യാട്ടം.ഇതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കമായി.
വ്യാഴാഴ്ച സന്ധ്യയോടെയാണ് മുതിരേരി വാളുമായി എടയാർ മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരി ഇക്കരെ കൊട്ടിയൂരിൽ എത്തിയത്. വാൾ എഴുന്നള്ളത്ത് വേളയിൽ നെയ്യമൃത് വ്രതക്കാർ ഇക്കരെ നടയിൽ ഭക്തിപൂർവം പങ്കെടുത്തു. വാൾ എത്തിയതിന് ശേഷം ആചാര്യന്മാരും അടിയന്തര യോഗവും സ്ഥാനികരും അക്കരെ സന്നിധാനത്തിൽ പ്രവേശിച്ചു.ചോതി വിളക്ക് തെളിച്ച ശേഷം മണിത്തറയിൽ പ്രവേശിച്ച ബ്രാഹ്മണർ ചേർന്ന് അഷ്ടബന്ധം നീക്കി സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന നാളം തുറന്നു. നെയ്യ് ഒഴുകാനുള്ള പാത്തിവച്ച് രാശിവിളിച്ചതോടെ പെരുമാൾക്ക് നെയ്യാട്ടം തുടങ്ങി. ക്രമം അനുസരിച്ച് വില്ലിപ്പാലൻ കുറുപ്പും തമ്മങ്ങാടൻ നമ്പ്യാരും എത്തിച്ച നെയ് കുടങ്ങൾ തുറന്ന് ആദ്യം അഭിഷേകം നടത്തി. തുടർന്ന് ക്രമം അനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നുള്ള വ്രതക്കാർ സമർപ്പിച്ച നെയ്യും അഭിഷേകം ചെയ്തു. എല്ലാവരും സമർപ്പിച്ച നെയ് പൂർണമായും അഭിഷേകം ചെയ്തതോടെയാണ് നെയ്യാട്ടം പൂർത്തിയായത്. നെയ്യാട്ടം ഇന്നലെ പുലർച്ച വരെ നീണ്ടു.