കണ്ണൂർ കോർപ്പറേഷൻ - ജില്ലാ പഞ്ചായത്ത് പോര്: ജില്ലാ ആശുപത്രിക്ക് വെള്ളമില്ല
കണ്ണൂർ: കോർപ്പറേഷൻ - ജില്ലാ പഞ്ചായത്ത് പോരിൽ കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വാട്ടർ അതോറിറ്റി കണക്ഷൻ അനുമതി വൈകുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് വാട്ടർ അതോറിറ്റിയുടെ പുതുതായി കണക്ഷൻ എടുക്കുന്നതിനായി റോഡ് കട്ടിംഗിനാണ് നീണ്ട കാത്തിരിപ്പ് തുടരുന്നത്. പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 1.5 കോടി രൂപ വാട്ടർ അതോറിറ്റിക്ക് കൈമാറിയിരുന്നു. കോർപ്പറേഷൻ, കന്റോൺമെന്റ്, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ വാട്ടർ അതോറിറ്റി റോഡ് കട്ടിംഗിനായി അപേക്ഷ നൽകി. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി മാത്രമാണ് ഇതിനകം ലഭ്യമായിട്ടുള്ളത്. കന്റോൺമെന്റിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള അവസാന വട്ട നടപടികൾ പൂർത്തിയായെങ്കിലും കോർപ്പറേഷൻ നിലവിലും പദ്ധതിക്കെതിരെ മുഖം തിരിക്കുകയാണ്.
റോഡ് വെട്ടിപ്പൊളിക്കുന്നതിലുള്ള പ്രയാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോർപ്പറേഷൻ അനുമതി വൈകിപ്പിക്കുന്നത്. കണ്ണൂർ എസ്.എൻ പാർക്കിനടുത്ത വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നാണ് പുതുതായി കണക്ഷൻ എടുത്ത് ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ലൈൻ സ്ഥാപിക്കേണ്ടത്. വാട്ടർ അതോറിറ്റി കഴിഞ്ഞ വർഷം ജൂണിലാണ് കോർപ്പറേഷന്റെ റോഡ് കട്ടിംഗ് അനുമതിക്കായി അപേക്ഷ നൽകിയത്.
ആപ്പിലാകുന്നത് രോഗികൾ
നിത്യേന ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജില്ല ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശുദ്ധജല കണക്ഷൻ അനുമതി നീണ്ടു പോകുന്നത് രോഗികളെയും ബാധിക്കും. 1,30,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ഉദ്ഘാടന സമയത്തു തന്നെ സ്ഥാപിച്ചിരുന്നു. കണക്ഷൻ വൈകുന്നതിനാൽ കഴിഞ്ഞ ആഗസ്റ്റ് 11 ന് ഉദ്ഘാടനം ചെയ്യപ്പെട്ട സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് ഇതുവരെയും അഗ്നിശമന സേന എൻ.ഒ.സി നൽകിയിട്ടില്ല. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശുദ്ധജല പ്രശ്നം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ കഴിഞ്ഞ ദിവസം കൊട്ടിയൂർ ക്ഷേത്രത്തിലെത്തിയ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
മാസങ്ങൾക്ക് മുൻപ് ജില്ല ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീപിടിത്ത നിയന്ത്രണ ഉപകരണത്തിലെ വാൾവ് തെറിച്ച് വെള്ളം ചീറ്റിയതിനെ തുടർന്ന് സീലിംഗ് ഉൾപ്പെടെ തകർന്ന് ലിഫ്റ്റും തകരാറിലായി ആശുപത്രി പ്രവർത്തനത്തെ ബാധിച്ചിരുന്നു.
സുരേഷ്, കക്കാട്