വൈശാഖോത്സവത്തിന് ഭക്തജനത്തിരക്കേറി
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ ദർശനകാലം തുടങ്ങി രണ്ടാം ദിനമായ ഇന്നലെയും കൊട്ടിയൂരിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. സ്‌കൂൾ തുറക്കുന്നതിനുമുമ്പുള്ള ഞായറാഴ്ചയായിട്ടും ഇന്നലെ രാവിലെ മുതൽ തന്നെ തിരുവഞ്ചിറ ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും ദർശനത്തിനായി ക്യൂ നിന്നവരുടെ നിര രാവിലെ തന്നെ ബാവലിപ്പുഴയും ഇടബാവലി വരെയും എത്തി.
മലയാളികളെക്കാൾ കർണാടകത്തിൽ നിന്നുള്ള ഭക്തരായിരുന്നു ദർശനത്തിനെത്തിയവരിൽ കൂടുതലും. കത്തുന്ന വെയിലിനെപ്പോലും അവഗണിച്ച് മണിക്കൂറുകളോളം കാത്തുനിന്നാണ് ഭക്തജനങ്ങൾ പെരുമാളെ തൊഴുതുമടങ്ങിയത്.
അക്കരെ ക്ഷേത്ര സന്നിധിയിലെ താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണവും ഇന്നലെ ആരംഭിച്ചു. മുള, ഓട, ഞെട്ടിപ്പനയോല എന്നിവ ഉപയോഗിച്ചാണ് താത്കാലിക ശ്രീ കോവിൽ നിർമ്മിക്കുക. ബ്രാഹ്മണ സ്ഥാനികരുടെ നേതൃത്വത്തിലാണ് നിർമ്മാണം.
ആദ്യ ആരാധനാപൂജ നടക്കുന്ന തിരുവോണം ആരാധനയ്ക്ക് മുമ്പ് മണിത്തറയിൽ ശ്രീകോവിലിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണ് ചിട്ട. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങൾ കൊട്ടിയൂർ ദേവസ്വം ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്.
.