പ്രവേശനോത്സവത്തിന് ഒരുങ്ങി വിദ്യാലയങ്ങൾ

Monday 01 June 2026 12:06 AM IST
പ്രവേശനോത്സവത്തിനൊരുങ്ങി ജില്ലയിലെ വിദ്യാലയങ്ങള്‍

കണ്ണൂർ: വേനലവധിക്കുശേഷം ജില്ലയിലെ സ്‌കൂളുകൾ ഇന്ന് തുറക്കും. നാട്ടിലെ എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തി നവാഗതരെ വരവേൽക്കും. ജില്ലാതല പ്രവേശനോത്സവം മമ്പറം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ വി.കെ സനോജ് എം.എൽ.എ നിർവ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശബ്ന, പി രവീന്ദ്രൻ, ഡി.ഡി.ഇ ഡി. ഷൈനി എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് വിശിഷ്ടാതിഥിയാകും.

രണ്ടുമാസം അടച്ചിട്ട ക്ലാസ് മുറികൾ കഴുകി വൃത്തിയാക്കിയും പൊടിപടലങ്ങൾ നീക്കം ചെയ്തുമാണ് വിദ്യാർത്ഥികളെ വരവേൽക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായി നിൽക്കുന്നത്. സ്‌കൂൾ പരിസരങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകൾ, പരിസരങ്ങളിലെ ട്രാൻസ്‌ഫോമറുകൾ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കെ.എസ്.ഇ.ബിക്ക് തദ്ദേശ സ്ഥാപനങ്ങൾ നിർദേശം നൽകി.

ശ്രീകണ്ഠപുരം നഗരസഭയിലെ റോഡുകളിലെ മാഞ്ഞുപോയ സീബ്രാ ലൈനുകൾ വീണ്ടും പുനഃസ്ഥാപിച്ചു. റോഡിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. നഗരസഭയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്.

1302 സ്‌കൂളുകൾ വിദ്യാർത്ഥികളെ വരവേൽക്കാൻ ജില്ലയിലെ 1302 സ്‌കൂൾ മുറ്റങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് സ്‌കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളുമെല്ലാം ഒത്തുചേർന്നാണു പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

വഴിയോരങ്ങൾ സുരക്ഷിതമാക്കണം

വിദ്യാർത്ഥികളെ വരവേൽക്കാൻ സ്‌കൂളുകളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷ ആശങ്കയിലാണ്. നഗരത്തിലെ നടപ്പാതകളിലെ സ്ലാബുകൾ പലതും തകർന്ന നിലയിലാണ്. കാൾടെക്സ് റോഡിൽ നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവാണ്. സ്‌കൂളുകൾ തുറക്കുന്നതോടെ റോഡിൽ തിരക്കും ട്രാഫിക്കും വർദ്ധിക്കും. ഇതിനെല്ലാം അധികൃതർ പരിഹാരം കാണേണ്ടതുണ്ട്.