ഷുഹൈബ് വധക്കേസ്: വിചാരണ 16 മുതൽ വീണ്ടും തുടങ്ങും

Wednesday 03 June 2026 12:06 AM IST
ഷുഹൈബ്

തലശ്ശേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബ് (29) വധക്കേസിൽ രണ്ടാംഘട്ട വിചാരണ ഈ മാസം 16ന് വീണ്ടും ആരംഭിക്കും. വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹരജി തള്ളിയതിനെ തുടർന്നാണ് കോടതി തീയതി പുനഃക്രമീകരിച്ചത്. ജൂലായ് രണ്ടു വരെ വിചാരണ തുടരും.

ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം കോടതി മാറ്റത്തിനായി ഹരജി നൽകിയത്. എന്നാൽ, തലശ്ശേരി ജില്ലാ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി സി.ജെ. ഡെന്നി ഈ ഹരജി തള്ളുകയും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതിയിൽ തന്നെ വിചാരണ തുടരാൻ നിർദ്ദേശിക്കുകയുമായിരുന്നു. വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു. മേയ് 18നാണ് അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചത്.

2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. സി.പി.എം പ്രവർത്തകരായ ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്. വിചാരണയിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ. പദ്മനാഭനും, പ്രതിഭാഗത്തിനായി അഭിഭാഷകരായ പി.വി. ഹരി, എൻ.ആർ. ഷാനവാസ്, സുനിൽ മഹേശ്വരൻ പിള്ള എന്നിവരും ഹാജരാകും.