സമഗ്ര കരിയർ കൗൺസലിംഗ്
കൊല്ലം: ചവറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐ.ആർ.ഇ.എൽ, ഐ.ഐ.സി ചവറ എന്നിവയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 'കരിയർ കോംപാസ്-2026' സമഗ്ര കരിയർ കൗൺസലിംഗ് സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അംബികാദേവി പറഞ്ഞു. നാളെ രാവിലെ 10 മുതൽ 6 വരെ ചവറ ഐ.സിയിലാണ് പരിപാടി നടത്തുന്നത്. മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാദേവി അദ്ധ്യക്ഷത വഹിക്കും. 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ 'ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും' എന്ന വിഷയത്തിലുള്ള ആദ്യ സെഷനിൽ വിദ്യാഭ്യാസ വിദഗ്ദ്ധൻ സജിത്ത് തോമസ് ക്ളാസ് നയിക്കും. 10, പ്ളസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ജയപ്രകാശ്, സെക്രട്ടറി മനോജ്, ജയചന്ദ്രൻ, രാജു മൈക്കിൾ, ജി.ആർ.ഗീത, എൽ.ലോയിസ് എന്നിവർ പങ്കെടുത്തു.