കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ (ഡെക്ക്) പദ്ധതിക്ക് 21,500 കോടി, ഉടൻ അംഗീകാരം
അന്തിമ അനുമതിക്കായി ദേശീയ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ പരിഗണനയിൽ
കൊല്ലം: കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനുള്ള 21,500 കോടിയുടെ വിശദ രൂപരേഖയ്ക്ക് വൈകാതെ അംഗീകാരമാകും. റോഡ് ഗതാഗതവും ദേശീയപാതയും വകുപ്പ് സെക്രട്ടറി ഉമാ ശങ്കർ, ചീഫ് എൻജിനീയർ ആദിത്യ പ്രകാശ്, ദേശീയപാത അതോറിട്ടി അംഗം വെങ്കിട്ടരമണ എന്നിവരുമായി ചർച്ച ചെയ്ത ശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി രേഖ അന്തിമ അനുമതിക്കായി ദേശീയ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
പദ്ധതിയുടെ രൂപരേഖ പ്രോജക്ട് അപ്രൈസൽ ടെക്നിക്കൽ കമ്മിറ്റി പരിശോധിക്കും. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി അന്തിമരൂപരേഖ പബ്ലിക് പ്രൈവറ്റ് പാർട്ടണർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. കമ്മിറ്റി ശുപാർശ ചെയ്യുന്ന മുറയ്ക്ക് മന്ത്രിസഭയുടെ അംഗീകാരത്തിനായി നൽകും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഏറ്റെടുത്ത ഭൂമിക്കുളള നഷ്ടപരിഹാര തുക വിതരണം ചെയ്യും.
ആകെ മൂന്ന് റീച്ചുകൾ
രാജപാളയം-ചെങ്കോട്ട (തമിഴ്നാട്ടിൽ)
ചെങ്കോട്ട-ഇടമൺ ഇടമൺ-കടമ്പാട്ടുകോണം
ചെങ്കോട്ട - ഇടമൺ
23 കിലോമീറ്റർ 10033 കോടി അടങ്കൽ ചെലവ് പാറ തുരന്ന് 10.5 കിലോമീറ്ററിൽ നാല് ടണലുകൾ ടണലുകൾ കയറ്റിറക്കവും വളവുകളും ഒഴിവാക്കാൻ
20 പില്ലറിൽ ഉയരപ്പാതയും
ഇടമൺ- കടമ്പാട്ടുകോണം
7015 കോടി അടങ്കൽ ചെലവ് 39 കിലോമീറ്റർ 26 വയഡറ്റുകൾ
ഭൂവുടമൾക്ക് ആശ്വാസം
കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് ജീവൻ വച്ചത് പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെട്ട ഭൂമികളുടെ ഉടമസ്ഥർക്ക് വലിയ ആശ്വാസമാണ്. പലേടത്തും ത്രീ ഡി വിജ്ഞാപനം വന്നിട്ടും ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാത്തതിനാൽ ഭൂവുടമകൾ പ്രതിസന്ധിയിലായിരുന്നു.
പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതിന് പിന്നാലെ, ഭൂമി ഏറ്റെടുക്കാൻ നടപടി പൂർത്തിയാകാത്ത വില്ലേജുകളിൽ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഭുവുടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നഷ്ടപരിഹാരത്തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് അധികൃതരോടെ ആവശ്യപ്പെട്ടിട്ടുണ്ട്
എൻ.കെ. പ്രേമചന്ദ്രൻ എം.പി