മാഞ്ഞുപോയേനേ മാടപ്പള്ളി ഗ്രാമം

Thursday 21 May 2026 1:07 AM IST

കോട്ടയം : പദ്ധതി നടപ്പായാൽ പഞ്ചായത്തിലെ മൂന്നിലൊന്ന് പ്രദേശം കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു

കല്ല് നാട്ടാനുള്ള ശ്രമം മാടപ്പള്ളിക്കാർ സർവശക്തിയുമെടുത്ത് തടഞ്ഞത്. ചങ്ങനാശേരിക്കു കിഴക്ക് കറുകച്ചാൽ റോഡിൽ 5 കിലോമീറ്റർ പിന്നിട്ടാൽ മാടപ്പള്ളി പഞ്ചായത്ത് അതിർത്തിയായി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ നിന്ന് സിൽവർലൈൻ പാത പ്രവേശിക്കുന്നത് മാടപ്പള്ളി പഞ്ചായത്തിലേക്കാണ്. പഞ്ചായത്തിലെ 20 വാർഡുകളിൽ 7 വാർഡുകളിലൂടെയാണ് ഏഴര കിലോമീറ്റർ പാത കടന്നു പോകുന്നത്. മാടപ്പള്ളി വില്ലേജിൽ മാത്രം 50 സർവേ നമ്പറുകളിലെ ഭൂമിയിൽ സർവേയുണ്ട്. 400 വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്നായിരുന്നു സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞത്. ഗ്രാമ പ്രദേശത്തെ 3 പ്രധാന ജംഗ്ഷനുകൾ ഇല്ലാതായാനേ. വീടുകളും കടകളും ഒഴിപ്പിക്കുന്നത് ചുരുങ്ങിയത് 2500 പേരെയെങ്കിലും ബാധിക്കും. ഏറെയും ഇടത്തരം കർഷകരാണ് പ്രദേശത്ത് താമസിക്കുന്നത്. രണ്ടു സെന്റ് മുതൽ രണ്ടേക്കർ വരെ സ്ഥലം നഷ്ടപ്പെടുന്നവർ വരെയുണ്ടായിരുന്നു. കൂടുതൽ ഭൂമിയുള്ളവരുടെ പുരയിടത്തിന്റെ മദ്ധ്യഭാഗത്തു കൂടിയാണ് പാത പോകേണ്ടിയിരുന്നത്. ഫലത്തിൽ ഇവരുടെ ഭൂമിയുടെ വില ഇടിയും. ഇക്കാര്യമുന്നയിച്ച് നിരവധിപ്പേർ സോഷ്യൽമീഡിയ പോസ്റ്റുകളും ഇട്ടിരുന്നു.