ലഹരിമാഫിയയെ തൂഫാനാക്കുമോ?

Sunday 24 May 2026 1:00 AM IST

കോട്ടയം : സ്‌കൂൾ തുറക്കാറായതോടെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരിവില്പനയ്ക്ക് സംഘം ഒരുങ്ങുമ്പോൾ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാനെ ഏറെ പ്രതീക്ഷയോടെ കാണുകയാണ് അദ്ധ്യാപകരും രക്ഷിതാക്കളും. മുൻപ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ നടപ്പാക്കിയ ഓപ്പറേഷൻ കുബേരപ്രകാരം ജില്ലയിലെ വട്ടിപ്പലിശക്കാരെ ഒതുക്കാൻ കഴിഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്നവരെ പൂട്ടുന്നതിനൊപ്പം ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്കാകും 'ഓപ്പറേഷൻ തൂഫാനി'ലൂടെ മുൻഗണന ലഭിക്കുക. വിദ്യാർത്ഥികളെ കണ്ടെത്താനും കൗൺസലിംഗ് കൊടുക്കാനും ഇതിലൂടെ കഴിയും. എക്സൈസും പൊലീസും വെവ്വേറെ നിരീക്ഷണമുണ്ടെങ്കിലും പദ്ധതിയുടെ ഭാഗമായി ഒരുമിക്കുന്നത് കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ ലഹരി എത്തിക്കുന്നവരിൽ പ്രധാനികൾ ഭായിമാരാണ്. ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് വാഹനത്തിൽ കഞ്ചാവ് എത്തിക്കുന്നവരുമുണ്ട്. എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരിയുടെപ്രധാന ഉറവിടം ബംഗളൂരുവാണ്. മറ്റു സംസ്ഥാനങ്ങളിലെ ലഹരി ഉറവിടങ്ങളിലേക്കെത്തുന്നതിന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ മറ്റു സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി പദ്ധതിയുടെ ഭാഗമായി ബന്ധപ്പെടുന്നതും തടയിടാൻ ഗുണമാകും. കടത്തുകാരെ സാധാരണ പിടികൂടുമെങ്കിലും തലപ്പത്തേയ്ക്ക് പലപ്പോഴും അന്വേഷണമെത്താറില്ല. പലപ്പോഴും.

പത്തിമടക്കും ലഹരിമാഫിയ

നിരന്തര നിരീക്ഷണവും അറസ്റ്റുമാവുമ്പോൾ ലഹരി മാഫിയ മാളത്തിലൊതുങ്ങും. സ്ഥിരം കഞ്ചാവ് കച്ചവടക്കാർ, ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ എന്നിവരടക്കമുള്ളവരെ പൊലീസ് നിരീക്ഷിക്കാറുണ്ട്. എന്നാൽ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥരുണ്ടാകുന്നത് ഏറെ ഗുണകരമാണ്. പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി മറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച പൂർത്തിയാക്കി. മുൻപ് നാർക്കോ കോ-ഓർഡിനേഷൻ സെന്റർ യോഗം വിളിച്ചിരുന്നു. യോഗ തീരുമാനം പുതിയ പദ്ധതിക്കും ഗുണകരമാംവിധം മാറ്റും.

കൊറിയർ സർവീസുകളിൽ വ്യാപക പരിശോധന

വൈദ്യ പരിശോധനാ ക്യാമ്പുകളും ബോധവത്കരണവും

ലഹരി ഉപയോഗിക്കുന്നവർക്ക് കൗൺസലിംഗ്

ഡ്രഗ് ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി പരിശോധന

'' ഓപ്പറേഷൻ തൂഫാനിൽ ഏറെ പ്രതീക്ഷയുണ്ട്. വൻസ്രാവുകളെ പിടികൂടാൻ പദ്ധതിയിലൂടെ കഴിഞ്ഞാലേ പ്രയോജനമുണ്ടാവൂ.

അനിൽകുമാർ, രക്ഷകർത്താവ്