നാളികേരത്തിന്റെ വില കുത്തനെയിടിഞ്ഞു കൂപ്പുകുത്തുന്നു കർഷകപ്രതീക്ഷ
കോട്ടയം: അധ്വാനിക്കാം, പക്ഷേ അതിനുള്ള ഫലം കിട്ടിയില്ലെങ്കിൽ എന്തുചെയ്യും! നാളികേര കർഷകരുടെ വാക്കുകളിൽ അമർഷവും നിരാശയും നിറയുകയാണ്. പച്ചതേങ്ങയ്ക്കും നാളികേര ഉല്പന്നങ്ങൾക്കുമുണ്ടായ കുത്തനെയുള്ള വിലയിടിവ് ജില്ലയിലെ കർഷകർക്ക് വലിയ തിരിച്ചടിയായി. കഴിഞ്ഞ വർഷം കിലോഗ്രാമിന് 85 രൂപവരെ ലഭിച്ചിരുന്ന പച്ചതേങ്ങയുടെ വില എട്ടുമാസത്തിനിടെ 40-45 രൂപയിലേക്ക് താണു. ഇതോടെയാണ് വെളിച്ചെണ്ണ, കൊപ്ര ഉൾപ്പെടെയുള്ള അനുബന്ധ ഉല്പന്നങ്ങളുടെയും വില കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞവർഷം പകുതിയോടെ തേങ്ങ റെക്കോർഡ് വില നേടിയിരുന്നു. പിന്നീട് അത് 60-65 രൂപയിലേക്ക് താണു. ഇവിടെ നിന്നാണ് വില കൂപ്പുകുത്തിയത്. ഉണക്കത്തേങ്ങയുടെ വില കിലോഗ്രാമിന് 52 രൂപയിലേക്കും കൊപ്രയുടെ വില 150 രൂപയിൽ താഴെയുമായി. കഴിഞ്ഞവർഷം കിലോഗ്രാമിന് 500 രൂപവരെ എത്തിയിരുന്ന വെളിച്ചെണ്ണ വില പകുതിയായി താഴ്ന്നു.
കയറ്റുമതി കുറഞ്ഞത് തിരിച്ചടി
മുൻവർഷത്തെ അപേക്ഷിച്ച് തേങ്ങയുടെ ഉത്പാദനം വർദ്ധിച്ചതും മൂല്യവർധിത നാളികേര ഉല്പന്നങ്ങളുടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞതുമാണ് വിലയിടിവിന് പ്രധാന കാരണമായത്. തമിഴ്‌നാട്ടിലെ കാങ്കയം ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന മില്ലുടമകൾ വില കൂടുതൽ താഴുമെന്ന് കണ്ട് വൻതോതിൽ സ്റ്റോക്ക് വിറ്റഴിച്ചതായും വ്യാപാരികൾ പറയുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേങ്ങ തമിഴ്‌നാട്ടിലേക്കാണ് എത്തിക്കുന്നത്. തൊഴിലാളികളുടെ കൂലി ഉൾപ്പെടെ കുറവായത് വ്യാപാരികൾ തമിഴ്നാടിനെ കൂടുതൽ ആശ്രയിക്കാൻ കാരണമായി.
ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല
വളം, തൊഴിലാളി വേതനം, കയറ്റിറക്ക് ചെലവ് എന്നിവ ഉയർന്ന സാഹചര്യത്തിൽ കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു.
നാളികേരത്തിന് താങ്ങുവില പ്രഖ്യാപിക്കണം. കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ പുതിയ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. (കർഷക സംഘടനകൾ)
വിലയിടിയാൻ കാരണങ്ങൾ 1പശ്ചിമേഷ്യൻ യുദ്ധസാഹചര്യം നാളികേര മൂല്യവർധിത ഉല്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചു. 2 അസാധാരണ ചൂട് മൂലം തേങ്ങകൾ വേഗത്തിൽ വിളഞ്ഞതോടെ ഉത്പാദനം വർദ്ധിച്ചു.