സ്കൂൾ വിപണിയിൽ താരമായി കൊറിയൻ സ്‌റ്റൈൽ ബാഗുകൾ
കോട്ടയം : പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ കൊറിയൻ സ്‌റ്റൈൽ സ്‌കൂൾ ബാഗുകൾക്ക് വിപണിയിൽ ഡിമാൻഡ്. അഞ്ചാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കിടയിലാണ് ഇത്തരം ബാഗുകൾക്ക് കൂടുതൽ സ്വീകാര്യത. ഭാരം കുറഞ്ഞതും പിങ്ക്, ആകാശനീല, ക്രീം തുടങ്ങിയ നിറങ്ങളിലുമുള്ള ഇറക്കുമതി ബാഗുകൾക്കാണ് പ്രിയം. പെൺകുട്ടികളാണ് കൂടുതൽ ആവശ്യക്കാർ. ഗുണമേന്മയേറിയ കൊറിയൻ ബാഗുകൾക്ക് 900 രൂപ മുതലാണ് വില. ചില പ്രീമിയം മോഡലുകൾക്ക് 3,000 രൂപവരെയാണ്. മിക്കി മൗസ്, അവഞ്ചേഴ്‌സ്, സ്‌പൈഡർമാൻ, ബാർബി ഡോൾ, ബെൻടെൻ തുടങ്ങി കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങൾ പതിച്ച ബാഗുകളുമുണ്ട്. ബാഗുകൾക്കൊപ്പം പെൻസിൽ കേസ്, പൗച്ച്, മറ്റ് സ്‌കൂൾ ഉപകരണങ്ങൾ എന്നിവ ഓൺലൈനായി വ്യാപകമായി ഓർഡർ ചെയ്യുന്നുണ്ട്. ഇതിൽ പലതും പ്രാദേശിക വിപണിയിൽ ലഭ്യമല്ല.
15 - 20 ശതമാനം വില വർദ്ധന
ബാഗുകളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 15 മുതൽ 20 ശതമാനം വരെ വർദ്ധിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതാണ് വില വർദ്ധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. സ്‌കൂളുകളിൽ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് നിയന്ത്രണം വന്നതോടെ സ്റ്റീൽ വാട്ടർ ബോട്ടിലുകൾക്കും ടിഫിൻ ബോക്‌സുകൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. സ്റ്റീൽ ബോട്ടിലുകൾക്ക് 300 രൂപ വരെ വിലയുണ്ട്.