പ്ലാസ്റ്റിക്കിനും പശയ്ക്കും വിലയേറി..... മഴമറയിടീൽ ഒരു പരുവമായി , വലിഞ്ഞൊട്ടി റബർ കർഷകർ

Monday 01 June 2026 12:09 AM IST

കോട്ടയം : പശ്ചിമേഷ്യൻ യുദ്ധം നീണ്ടതോടെ പശയ്ക്കും, പ്ലാസ്റ്റിക്കിനും വില കുതിച്ചുയർന്നത് മഴക്കാലത്ത് റബർ ടാപ്പിംഗിന് റെയിൻ ഗാർഡ് (മഴ മറ) പിടിപ്പിക്കുന്ന ചെലവും ഇരട്ടിയാക്കി. ടാപ്പിംഗ് തുടരാനാഗ്രഹിക്കുന്ന കർഷകരെയാണ് ഇത് വെട്ടിലാക്കുന്നത്. ഒരു കിലോ പ്ലാസ്റ്റിക്കിന് 120 രൂപയായിരുന്നത് 220ൽ എത്തി. പശ 25 കിലോ ടിന്നിന് 1400 രൂപയായിരുന്നത് 2000 ത്തോട് അടുത്തു. പ്ലാസ്റ്റിക്കിനു പകരം പലരും ഷേയ്ഡ് ഉപയോഗിച്ചു തുടങ്ങിയതോടെ അതിനും വില ഉയർന്നു കഴിഞ്ഞ വർഷം ഒരു മരത്തിൽ റെയിൻ ഗാർഡ് പിടിപ്പിക്കുന്നതിന് 15 രൂപയിൽ താഴെയായിരുന്നു ചെലവ്. റബർ വില വർദ്ധിച്ചതോടെ ടാപ്പിംഗ് കൂലി തൊഴിലാളികളും ഉയർത്തി. കടുത്ത വേനലിൽ ടാപ്പിംഗ് നടക്കാത്തതിനാൽ സാധാരണ കർഷകർക്ക് ഉയർന്ന വിലയുടെ പ്രയോജനം ലഭിക്കില്ല. മഴയത്ത് ടാപ്പിംഗ് നടത്തണമെങ്കിൽ റെയിൻ ഗാർ‌ഡ് വേണം. വൻകിട തോട്ടങ്ങളിലും അപൂർവം ചില ചെറുകിട കർഷകരും മാത്രമാണ് റെയിൻ ഗാർഡ് സ്ഥാപിച്ചത്. കൂടുതൽ തോട്ടങ്ങളിലും പ്ലാസ്റ്റിക്കാണ് ഒട്ടിക്കുന്നത്. മറ്റിടങ്ങളിൽ ഷേയ്ഡും റെയിൻ ഗാർഡുമായാണ് ഒട്ടിക്കുന്നത്.

ഡിഷും, റബർ റോളർ മെഷീനും കിട്ടാനില്ല

ഷീറ്റിന് വില ഉയർന്നതോടെ കർഷകർ ഷീറ്റ് അടിക്കാൻ താത്പര്യം കാട്ടിയെങ്കിലും ഡിഷും റബർ റോളർ മെഷീനും ആവശ്യത്തിന് കിട്ടാനില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ഉത്പാദനചെലവ് കുറവായതിനാൽ മലയാളി തോട്ടമുടമകൾ അവിടേയ്ക്ക് കൃഷി വ്യാപിപ്പിച്ചതോടെ റബർ റോളർ മെഷീന് ഡിമാൻഡ് കൂടിയതാണ് ക്ഷാമത്തിന് കാരണമായി പറയുന്നത്. ലാറ്റക്സിന് പകരം ഷീറ്റിലേക്ക് തിരിയാൻ കർഷകരെ നിർബന്ധിച്ചത് റബർ ബോർഡായിരുന്നു . എന്നാൽ പുതിയ റബർ റോളറിനേ റബർബോർഡ് സബ്സിഡി ലഭിക്കൂ.

''

മരത്തിന് ദോഷം ചെയ്യുമെന്നതിനാൽ വേനൽക്കാലത്ത് ടാപ്പിംഗ് നടത്തിയില്ല. മഴ സജീവമായതോടെ റെയിൻഗാർഡ് ഘടിപ്പിച്ച് ടാപ്പിംഗ് നടത്താമെന്നു കരുതിയപ്പോൾ ചെലവ് ഇരട്ടിയായി. ചെറുകിട റബർ കർഷകന് മുന്നോട്ടുപോകാനാത്ത സ്ഥിതിയായി.

-തോമസ് കുര്യൻ (കർഷകൻ )