ഇന്നലെയും പൊലിഞ്ഞു ഒരു ജീവൻ...... ചീറിപ്പാഞ്ഞ് വാഹനങ്ങൾ, ചോര ചിന്തി എം.സി റോഡ്
കോട്ടയം : എം.സി റോഡ് നവീകരിച്ചത് വാഹനയാത്ര സുഗമമാക്കിയെങ്കിലും അപകടങ്ങൾക്ക് പരിഹാരമായില്ല. അമിതവേഗം ചിലർക്ക് ഹരമായി മാറുമ്പോൾ പൊലിയുന്നത് വിലപ്പെട്ട ജീവനുകളാണ്. ഇന്നലെ പുലർച്ചെ അടിച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ ആന്റണി സേവ്യർ (25) ആണ് മരിച്ചത്. മഴ തുടങ്ങിയതോടെ വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വേഗനിയന്ത്രണ സംവിധാനങ്ങളും ഇല്ല. രാത്രികാലങ്ങളിൽ പൊലീസിന്റെയോ വാഹനവകുപ്പിന്റെയോ പരിശോധനകൾ ഇല്ലാത്തത് അതിവേഗക്കാർക്ക് പ്രോത്സാഹനമാകുന്നു. തുരുത്തി, നാട്ടകം, കുമാരനല്ലൂർ, കുറവിലങ്ങാട്, വെമ്പള്ളി, കുര്യം, പട്ടിത്താനം, മോനിപ്പിള്ളി ആച്ചിക്കൽ ഭാഗങ്ങളിൽ അപകടം പതിവാണ്. വളവുകളേറെയുള്ള ഈ മേഖലകളിൽ വേഗം കുറയ്ക്കാതെയാണ് ഡ്രൈവിംഗ്. മൂന്ന് മാസത്തിനിടെ 15 ലേറെ അപകടങ്ങളാണ് നടന്നത്. റോഡപകടങ്ങളിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ബൈക്ക് , കാർ യാത്രക്കാരാണ്. ഏറെയും യുവാക്കൾ. അശ്രദ്ധമായ ഡ്രൈവിംഗിനൊപ്പം മൊബൈൽ ഉപയോഗവും പ്രശ്‌നമാകുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതും ഹെൽമറ്റില്ലാതെ യാത്രചെയ്യുന്നതും അപകടങ്ങളുടെ എണ്ണംകൂട്ടി. കാൽനട യാത്രക്കാരും അപകടങ്ങളിൽപ്പെടുന്നതേറി.
ബ്ലാക്ക് സ്പോട്ടുകളിലും സുരക്ഷയില്ല ആധുനിക നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിന് പിന്നാലെ റോഡിലെ ബ്ലാക്ക് സ്‌പോട്ടുകൾ കണ്ടെത്തി ശാശ്വത പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. താത്കാലിക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് തടിയൂരുകയാണ് അധികൃതർ. അപകടസാദ്ധ്യതാ മേഖലകൾ നാറ്റ്പാക് സംഘവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചതാണ്. സിഗ്‌നൽ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാൻ പോലുമായില്ല. മിനുസമേറിയ റോഡിൽ വാഹനങ്ങൾക്ക് ബ്രേക്ക് കിട്ടാതെ വരുന്നതാണ് അപകടത്തിനിടയാക്കുന്നത്.
വളവുകൾ വളഞ്ഞുതന്നെ പട്ടിത്താനം മുതൽ പുതുവേലി വരെയുള്ള ഭാഗങ്ങളിലെ വളവുകളും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. അശാസ്ത്രീയ റോഡ് രൂപകല്പന അപകടങ്ങൾക്ക് പ്രധാന കാരണങ്ങളാണെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. നഗരപ്രദേശങ്ങളോട് ചേർന്നിടങ്ങളിൽ ഗതാഗത തിരക്കും അമിതവേഗതയും അപകടങ്ങൾ വർദ്ധിപ്പിക്കുന്നതായി മോട്ടോർ വാഹന വകുപ്പും പൊലീസും പറയുന്നു.
ഇവയ്‌ക്ക് പരിഹാരം വേണം അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും
ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ്
അമിത വെളിച്ചമുള്ള ഹെഡ് ലൈറ്റുകൾ വഴിവിളക്ക് സൈൻ ബോർഡുകളുടെ അഭാവം മഴ തുടങ്ങിയതോടെ റോഡുകളുടെ തകർച്ച
''വേഗത കുറയ്ക്കാൻ റംബിൾ സ്ട്രിപ്പുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടും അപകടങ്ങളിൽ കുറവില്ല. അപകടങ്ങൾ ഒഴിവാക്കാൻ ശാസ്ത്രീയ പഠനത്തെ അടിസ്ഥാനമാക്കിയുള്ള സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണം.
-രാജേന്ദ്രൻ, കുമാരനല്ലൂർ