അണിഞ്ഞൊരുങ്ങി അക്ഷരമുറ്റം

Monday 01 June 2026 12:17 AM IST

കോട്ടയം : അക്ഷരമുറ്റത്ത് വീണ്ടും ഇന്ന് കുട്ടിക്കൂട്ടത്തിന്റെ കലപിലയുയരും. പ്രവേശനോത്സവം ആഘോഷമാക്കാൻ സ്കൂളുകൾ ഒരുങ്ങി. ജില്ലയിൽ ഈ വർഷം 8010 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്.

ജില്ലാതല പ്രവേശനോത്സവം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9.30 ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നവാഗതരെ ആകർഷിക്കുന്നതിനായി ആഴ്ചകൾക്ക് മുൻപേ സ്‌കൂളുകളിൽ പ്രത്യേക അലങ്കാര പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കാർട്ടൂൺ കഥാപാത്രങ്ങളോടുകൂടിയ ചിത്രരചനകൾ, ഭിത്തി പെയിന്റിംഗുകൾ, കുഞ്ഞുങ്ങൾക്കായി ചെറിയ റൈഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന പൂർത്തിയാക്കി. കെട്ടിടങ്ങളുടെ സുരക്ഷ, പാചകപ്പുരയുടെയും പരിസരങ്ങളുടെയും വൃത്തി, ഉച്ചഭക്ഷണത്തിന്റെ നിലവാരം, ടോയ്‌ലറ്റുകളുടെ ശുചിത്വം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തി.