കുരുക്ക് ഒഴിയുന്നില്ല; ചുരത്തിൽ ദുരിതയാത്ര
ഇന്നലെയും വൻ കുരുക്ക്
കോഴിക്കോട്: മഴയെ തുടർന്നും മരം വീണും വലിയ ചരക്കുവാഹനങ്ങൾ അപകടത്തിൽ പെട്ടും താമരശ്ശേരിചുരം റോഡിൽ ഗതാഗതം തടസം പതിവായതോടെ കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രക്കാർ ദുരിതത്തിൽ. ഇന്നലെയും വൻ ഗതാഗതക്കുരുക്കുണ്ടായി. വാഹനങ്ങൾ കേടാകുന്നതും ചുരത്തിൽ മണ്ണിടിയുകയും ചെയ്യുന്നതാണ് വിനയാകുന്നത്. കഴിഞ്ഞ ഒന്നാം തിയതി ആറാം വളവിൽ ടയർ പൊട്ടി ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി. രണ്ടാം വളവ് മുതൽ ചുരത്തിന്റെ മുകൾ ഭാഗം വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കഴിഞ്ഞ ദിവസം ചുരത്തിൽ മരം വീണതിനെ തുടർന്നും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് വീണ മരങ്ങൾ പൂർണമായും വെട്ടിമാറ്റിയിട്ടുണ്ട്. അന്നുതന്നെ ചുരത്തിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നിരുന്നു. അടിവാരം മുതൽ വൈത്തിരി അങ്ങാടി വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ആറാം വളവിൽ റോഡുകളുടെ വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ അവിടെയും സമീപത്തും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രവർത്തകർ അറിയിച്ചു.
ചുരത്തിലെ 6,7,8, ഹെയര്‍പിന്‍ വളവുകൾ വീതികൂട്ടുന്ന തിനാൽ മള്‍ട്ടി ആക്‌സില്‍ - ഹെവി ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മേയ് 16ന് ദേശീയപാത അധികൃതർ ഉത്തരവിറയിരുന്നു. എന്നാല്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ അടിവാരത്തും ലക്കിടി ഗേറ്റിലും തടയാന്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേ തുടർന്നും കുരുക്ക് രൂക്ഷമായി.
മഴ കനക്കും, മണ്ണിടിച്ചിലിനും സാദ്ധ്യത
ഇന്ന് മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് മണ്ണിടിച്ചിലിനുള്ള സാദ്ധ്യത കൂട്ടും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരം വഴി പ്രവേശനമില്ലെന്ന് കളക്ടർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇതറിയാതെയും മറ്റും കടന്നുപോകുന്നവരുണ്ട്. ചരക്കു വാഹനങ്ങൾ കുടുങ്ങുന്നതോടെ ഇരു വശത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാനാവില്ല. ഗതാഗത കുരുക്കും അപകടങ്ങളുമുണ്ടാകുമ്പോൾ സമിതി പ്രവർത്തകരാണ് സന്നദ്ധ പ്രവർത്തനം നടത്താറുള്ളത്.
മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം നിലവിൽ വന്നു
വൈത്തിരി : താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണം നിലവിൽ വന്നു. രാവിലെ ആറു മുതൽ രാത്രി എട്ടുമണി വരെ ഇത്തരം വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കാലവർഷവും ചുരം വളവുകളുടെ നവീകരണവും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലാ കളക്ടർ ഇത്തരം ഉത്തരവ് ഇറക്കിയത്. നിയന്ത്രണം കർശനമായി നടപ്പിലാക്കുന്നതിന് പൊലീസിനെയാണ് ചുമതലപ്പെടുത്തിയത്. പകൽ സമയങ്ങളിൽ ഇത്തരം വാഹനങ്ങൾ ചുരത്തിലേക്ക് എത്താതിരിക്കാൻ വിവിധ സ്ഥലങ്ങളിൽ തടഞ്ഞിടുന്നുണ്ട്. വയനാട്ടിൽ കൽപ്പറ്റ, വൈത്തിരി എന്നിവിടങ്ങളിലാണ് ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ പൊലീസ് തടഞ്ഞിട്ടത്. കോഴിക്കോട് ഭാഗത്ത് അടിവാരത്താണ് വാഹനങ്ങൾ തടഞ്ഞിടുന്നത്. എട്ടുമണിക്ക്ശേഷം മാത്രമേ ഇത്തരം വാഹനങ്ങൾ കടന്നുപോകാൻ അനുവദിച്ചുള്ളൂ. കുറ്റ്യാടി, നാടുകാണി ഉൾപ്പെടെയുള്ള മറ്റു ബദൽറോഡുകളെ ആശ്രയിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.