SignIn
Kerala Kaumudi Online
Thursday, 04 June 2026 5.09 AM IST

അങ്കണവാടി നിയമനത്തിൽ ക്രമക്കേടെന്ന്; അന്വേഷണം വേണമെന്ന് ആവശ്യം

k
അങ്കണവാടി നിയമനത്തിൽ ക്രമക്കേട് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പരാതി

മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ നിയമനത്തിൽ സംവരണ മാനദണ്ഡങ്ങളും റൊട്ടേഷൻ വ്യവസ്ഥകളും ലംഘിച്ച് ക്രമക്കേട് നടന്നതായി ആരോപണം. 2024 ഫെബ്രുവരിയിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

പി.എസ്.സി മാതൃകയിലുള്ള റൊട്ടേഷൻ ക്രമം പാലിക്കാതെ ജനറൽ മെറിറ്റ് വിഭാഗത്തിൽ നിയമനം ലഭിക്കേണ്ട ഉദ്യോഗാർത്ഥിയെ ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം) സംവരണ സീറ്റിലേക്ക് പരിഗണിച്ചതിലൂടെ യഥാർത്ഥ അർഹതപ്പെട്ട ഉദ്യോഗാർത്ഥിക്ക് അവസരം നിഷേധിക്കപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. അപേക്ഷ സമർപ്പിച്ച സമയത്ത് ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ലെന്നും പിന്നീട് അത് സമർപ്പിച്ചശേഷമാണ് നിയമനം ഉറപ്പാക്കിയതെന്നും പരാതിയിൽ ആരോപിക്കുന്നു.

റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലും നിയമന നടപടികളിലും മുൻ യു.ഡി.എഫ് ഭരണസമിതിയുടെയും ചില ഉദ്യോഗസ്ഥരുടെയും ഇടപെടൽ ഉണ്ടായിരുന്നുവെന്നും പരാതിയിലുണ്ട്. മുമ്പ് ഇതേ റാങ്ക്ലിസ്റ്റിൽനിന്ന് നിയമനം ലഭിച്ച ഒരാളുടെ പട്ടികജാതി സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനെ തുടർന്ന് ജോലിയിൽനിന്ന് നീക്കം ചെയ്ത സംഭവവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

അങ്കണവാടി വർക്കർ നിയമനവുമായി ബന്ധപ്പെട്ട റൊട്ടേഷൻ രജിസ്റ്റർ പുനഃപരിശോധിക്കണമെന്നും നിയമനം ലഭിച്ചവരുടെ സർട്ടിഫിക്കറ്റുകളും അവ സമർപ്പിച്ച തീയതികളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനായ അരുൺ പോട്ടയിൽ ജില്ലാ വനിതാ-ശിശു വികസന ഓഫീസർ, ജില്ലാ കളക്ടർ, വനിതാ-ശിശു വികസനവകുപ്പ് ഡയറക്ടർ, അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.

റൊട്ടേഷൻ ക്രമത്തിൽ ബോധപൂർവമായ തിരുത്തലുകൾ വരുത്തി അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ക്രമക്കേട് തെളിഞ്ഞാൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനും പരാതി നൽകുമെന്ന് പരാതിക്കാരൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ANKANVADY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL