മാലിന്യക്കയമായി കനോലി കനാൽ

Friday 22 May 2026 12:33 AM IST
കനോലി കനാൽ

പൊന്നാനി: പൊന്നാനിയുടെ വാണിജ്യ-വ്യവസായ രംഗത്ത് ചരിത്രം സൃഷ്ടിച്ച കനോലി കനാൽ ഇന്ന് മാലിന്യങ്ങളുടെയും ദുർഗന്ധത്തിന്റെയും കേന്ദ്രമാണ്. വർഷങ്ങളായി കനാലിലേക്ക് യാതൊരു നിയന്ത്രണവും ഇല്ലാതെ മാലിന്യങ്ങൾ വീഴുന്നത് ശുദ്ധജലത്തിന്റെ അഭാവത്തിന് പ്രധാന കാരണമാണ്. മാത്രമല്ല, കനാലിന് ഇരുവശത്തും താമസിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ നിറഞ്ഞൊഴുകുന്ന ഇടമാണ് ഇന്ന് കനോലി കനാൽ. മഴക്കാലത്ത് ഇത്തരം മാലിന്യങ്ങൾ കനാലിലൂടെ ഒഴുകി കടലിലേക്കെത്തുകയും തീരപ്രദേശങ്ങളിൽ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. പ്രദേശത്ത് നിന്നുള്ള ദുർഗന്ധം അസഹനീയമാണെന്ന് സമീപവാസികളും ആരോപിക്കുന്നു. മാലിന്യത്തിന്റെ തോത് ഉയർന്നതോടെ കൊതുകുകൾ പെരുകുകയും ജലജന്യ രോഗങ്ങളുടെ സാദ്ധ്യതയും വർദ്ധിച്ചിട്ടുണ്ട്. കൃത്യമായ രീതിയിൽ മാലിന്യ നിയന്ത്രണ സംവിധാനത്തിന് വേണ്ട നടപടികൾ സ്വീകരിക്കാത്തതിനാൽ സമീപത്തെ കുടിവെള്ള സ്രോതസ്സുകളിലും മലിന ജലം പരന്നൊഴുകുന്ന അവസ്ഥയാണ്.

വാക്കിലൊതുങ്ങിയ സോളാർ ബോട്ട്

കനോലി കനാൽ നവീകരിച്ച് ടൂറിസം പദ്ധതികളുടെ ഭാഗമായി ഇതുവഴി സോളാർ ബോട്ട് സർവീസ് വരുമെന്ന് പറഞ്ഞെങ്കിലും യാഥാർത്ഥ്യമായില്ല. പൊന്നാനിയുടെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്ന പദ്ധതിയാണ് കനോലി കനാൽ ആഴംകൂട്ടി സോളാർ ബോട്ട് സർവീസ് ആരംഭിക്കുക എന്നത്. പൊന്നാനി അഴിമുഖം മുതൽ ജില്ലാ അതിർത്തിയായ അണ്ടത്തോട് വരെയുള്ള 11 കിലോമീറ്റർ ഭാഗങ്ങളിലാണ് പദ്ധതിക്കായി കനാലിന്റെ നടുഭാഗത്ത് ഒന്നരമീറ്റർ ആഴം കൂട്ടിയത്. ഒപ്പം കനാലിന്റെ വീതി നിലവിൽ 45 മീറ്ററാക്കി ഉയർത്തിയും സമീപത്തെ കയ്യേറ്റങ്ങൾ കണ്ടെത്തിയുമുള്ള സമഗ്രമായ പദ്ധതിയാണ് മുമ്പ് പ്രഖ്യാപിക്കപ്പെട്ടത്. ആഴം കൂട്ടി കുഴിച്ചെടുത്ത മണ്ണ് കനാലിന്റെ സമീപത്തായി ഇരുകരകളിലും കൂട്ടിയിടുകയും മഴ എത്തുന്നതോടെ മണ്ണ് വീണ്ടും കനാലിലേക്ക് തിരിച്ചിറങ്ങുകയും ചെയ്യുന്ന സ്ഥിതിയാണ്. പദ്ധതിയ്ക്ക് തടസ്സമായി നിന്നിരുന്നത് പലയിടത്തും താഴ്ന്ന് നിൽക്കുന്ന പാലങ്ങളായിരുന്നു. എന്നാൽ, ഇത്തരത്തിൽ നവീകരിക്കേണ്ട പാലങ്ങൾ എല്ലാം തന്നെ പൊളിച്ചു മാറ്റി പുതിയത് പണിയാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ പ്രഖ്യാപിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമായില്ല.

അണ്ടത്തോട് മുതൽ കനോലി കനാൽ വഴിയുള്ള ബോട്ട് സർവീസ് ഒരുപക്ഷെ ഭാരതപുഴ വഴി നിളയോര പാതയിലേക്ക് നീട്ടിയിരുന്നെങ്കിൽ നിലവിലെ സഞ്ചാരികളെക്കാൾ ഇരട്ടി ആളുകൾ പൊന്നാനിയിലേക്ക് എത്തുമായിരുന്നു. നിലവിൽ കനാലിന്റെ ആഴം കൂട്ടൽ നടന്നെങ്കിലും വെറും പ്രഹസമമായിരുന്നു. സമീപത്തെ കയ്യേറ്റങ്ങൾ കണ്ടെത്തി കനാലിന്റെ വീതി കൂട്ടൽ നടപടികൾ പിന്നീട് എങ്ങുമെത്തിയില്ല. പ്രദേശവാസി