ആരവങ്ങളൊഴിഞ്ഞ് ക്ലാസ്മുറി; കൂട്ടുകാരില്ലാതെ ആദിത്യൻ
കാളികാവ്: പ്രവേശനോത്സവത്തിന്റെ ആരവങ്ങൾ ഒടുങ്ങി സ്‌കൂളുകളിൽ അദ്ധ്യയനം സജീവമാകുമ്പോഴും ചോക്കാട് ഗവ. എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് മുറിയിൽ ആദിത്യൻ ഒറ്റയ്ക്കാണ്. തനിക്കൊപ്പം കളിക്കാനും പഠിക്കാനും കൂട്ടുകാരെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കൻ. സ്‌കൂളിന് സമീപത്തെ തോട്ടത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളിയുടെ കുട്ടി ഒന്നാം ക്ലാസിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവരുടെ കുടുംബം നാട്ടിൽ നിന്ന് തിരിച്ചെത്തിയില്ല. സ്‌കൂൾ തുറന്ന് മൂന്ന് ദിവസം കഴിഞ്ഞതോടെ ഇനി പുതിയ കുട്ടികൾ വരാനും സാദ്ധ്യതയില്ല. 1978ൽ ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ സൗകര്യം മുൻനിറുത്തി നാൽപ്പത് സെന്റ് ഉന്നതിയിൽ സ്ഥാപിച്ചതാണ് ഈ സ്‌കൂൾ. ഒരുകാലത്ത് 100ഓളം കുട്ടികൾ പഠിച്ചിരുന്ന ഇവിടെ നിലവിൽ 10 വിദ്യാർത്ഥികളാണുള്ളത്. ഒന്നാം ക്ലാസിന് പുറമെ നാലാം ക്ലാസിലും ഒരു കുട്ടി മാത്രമാണുള്ളത്. രണ്ടാം ക്ലാസിൽ മൂന്ന്, മൂന്നാം ക്ലാസിൽ അഞ്ചും കുട്ടികൾ വീതവും. പുറത്ത് നിന്നുള്ള കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് എത്താറില്ല. ഉന്നതിയിലെ ജനനനിരക്കിൽ വന്ന വലിയ കുറവാണ് സ്‌കൂളിനെ പ്രതിസന്ധിയിലാക്കിയതെന്നാണ് ആരോപണം.
80തോളം കുടുംബങ്ങൾ ഈ പ്രദേശത്തുണ്ടെങ്കിലും കുട്ടികളുടെ എണ്ണം കുറയുകയാണ്. കോളനിയിലെ പ്രായപൂർത്തിയായ യുവതികൾ ദൂരസ്ഥലങ്ങളിലേക്ക് വിവാഹം കഴിച്ചു പോകുമ്പോൾ വിവാഹം കഴിക്കാത്ത നിരവധി യുവാക്കളാണ് ഇവിടെയുള്ളത്. .