11കാരിയെ പീഡിപ്പിച്ച കേസ്: ഒന്നാം പ്രതിക്ക് 25 വർഷവും, രണ്ടും മൂന്നും പ്രതികൾക്ക് 20 വർഷവും കഠിന തടവ്

Sunday 24 May 2026 1:30 AM IST

നെയ്യാറ്റിൻകര: 11 വയസുകാരിയെ പല ദിവസങ്ങളിലായി പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾക്ക് കഠിന് തടവും പിഴയും.കേസിലെ ഒന്നാം പ്രതി നെയ്യാറ്റിൻകര കടവട്ടാരം സ്വദേശി അബ്ദുൽ ഗഫൂറിന് (53) 25 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും,ഇയാളുടെ സുഹൃത്തുക്കളായ രണ്ടാം പ്രതി നെയ്യാറ്റിൻകര മരുത്തൂർ സ്വദേശി ഭുവനചന്ദ്രൻ (71),മൂന്നാം പ്രതി നെയ്യാറ്റിൻകര കടവട്ടാരം സ്വദേശി ഷാജി (57) എന്നിവരെ 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കാനും നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം.സുജ വിധിച്ചു.

പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുവർഷം അധിക ശിക്ഷ അനുഭവിക്കണം.2011 മുതലാണ് കേസിനാസ്പദമായ സംഭവങ്ങൾ.കുട്ടി സ്കൂളിൽ കൗൺസലിംഗ് സമയത്താണ് പീഡന വിവരം വെളിപ്പെടുത്തിയത്.ട്യൂഷന് പോയിരുന്ന സ്ഥലത്തുവച്ച് രണ്ടാംപ്രതി പീഡിപ്പിച്ചെന്നും,മൂന്നാം പ്രതിയുടെ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ ഫാൻസി സ്റ്റോറിൽ വള വാങ്ങാൻ എത്തിയപ്പോൾ പീഡിപ്പിച്ചെന്നും കുട്ടി മൊഴി നൽകിയിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ്,അഡ്വ.വി.ആർ.മായാദേവി എന്നിവർ ഹാജരായി.നെയ്യാറ്റിൻകര എസ്.എച്ച്.ഒ ആയിരുന്ന ബി.എസ്.സജിമോൻ,എം.അനിൽകുമാർ എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.