അപകട പാതയായി കഴക്കൂട്ടം -കാരോട് ബൈപ്പാസ്

Sunday 24 May 2026 1:13 AM IST

തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ബൈപ്പാസിലെ പാച്ചല്ലൂർ ചുടുകാട് ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിന് മുന്നിലെ റോഡ് ക്രോസിംഗ് അപകടങ്ങളുടെ കേന്ദ്രമായി മാറുന്നു. ഇവിടെ അമിതവേഗത്തിലാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങളും ഇല്ല. പാചല്ലൂർ ചുടുകാട് ദേവീക്ഷേത്രത്തിലേക്കും പനത്തുറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കുമെത്തുന്ന ഭക്തരുടെ പ്രധാന പ്രവേശനകേന്ദ്രമാണ് ഇവിടം. ഇതിന് പുറമെ ഇരുവശങ്ങളിലുമായി സർവീസ് റോഡിനോട് ചേർന്ന് പെട്രോൾ പമ്പുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

എന്നിട്ടും മുന്നറിയിപ്പ് ബോർഡുകളോ വേഗനിയന്ത്രണ സംവിധാനങ്ങളോ ട്രാഫിക് സിഗ്നലുകളോ സ്ഥാപിക്കാത്തത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പനത്തുറ സ്വദേശിയായ ഷാജി കൃഷ്ണൻ (45) ഇവിടെ അപകടത്തിൽ മരിച്ചതോടെ പ്രദേശവാസികൾ സമരം ശക്തമാക്കിയിരുന്നു. ചെറുതുംവലുതുമായ നിരവധി അപകടങ്ങൾ ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു.

 അപകട സാദ്ധ്യതയും

ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ അഭാവവും രാത്രികാലങ്ങളിൽ മതിയായ വഴിവിളക്കുകൾ ഇല്ലാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. രാത്രിയായാൽ ഇരുട്ട് മൂടുന്ന ജംഗ്ഷനിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റുകൾ മാത്രം ആശ്രയിച്ചാണ് യാത്ര. അപകട സാദ്ധ്യത കൂടുതലുള്ള മേഖലയായി ജംഗ്ഷനെ പ്രഖ്യാപിച്ച് പ്രത്യേക സുരക്ഷാ പദ്ധതി നടപ്പാക്കണമെന്നും പ്രദേശവാസികൾ പറയുന്നു.

 മുന്നറിയിപ്പും

ആവശ്യങ്ങൾ പരിഗണിച്ച് ദേശീയപാത അതോറിട്ടിയും ബന്ധപ്പെട്ട വകുപ്പുകളും ഉടൻ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് തിരുവല്ലം - കോവളം ജനകീയ പ്രതിരോധ സമിതി മുന്നറിയിപ്പ് നൽകി.

യാത്രക്കാരുടെ ആവശ്യങ്ങൾ

പാച്ചല്ലൂർ ജംഗ്ഷനിൽ അടിയന്തരമായി ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കുക

രാത്രിയാത്ര സുരക്ഷിതമാക്കാൻ മതിയായ വഴിവിളക്കുകൾ ഒരുക്കുക

റോഡ് മുറിച്ചുകടക്കാൻ സീബ്രാ ലൈൻ,മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക

അമിതവേഗം നിയന്ത്രിക്കാൻ സ്പീഡ് റെഗുലേറ്റർ സംവിധാനങ്ങൾ ഏർപ്പെടുത്തുക

ദേശീയപാത അതോറിട്ടിയും അടിയന്തര പരിശോധന നടത്തുക